സുരേഷ് ഗോപി പ്രതികരിക്കുന്നു തൃശൂര്‍ : പ്രവർത്തകരോട് ക്ഷോഭിച്ച സംഭവത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി (Suresh Gopi on angry towards BJP workers Thrissur). ആദിവാസി ഊരിലെ ജനങ്ങളുടെ വോട്ട് ചേർക്കാത്തതിനാൽ ആണ് പ്രവർത്തകരെ ശാസിച്ചത്. അതിനുള്ള അവകാശം തനിക്കുണ്ടെന്നും ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരത്തേക്ക് പോകും എന്നുപറഞ്ഞത് പേടിപ്പിക്കാനുള്ള മാർഗം മാത്രമാണ്. കുപ്രചരണങ്ങളിൽ തളരില്ല. എത്രത്തോളം അവഹേളിക്കുന്നുവോ അത്രത്തോളം ഉയർത്തെഴുന്നേൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ (മാര്‍ച്ച് 9) തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് ബിജെപി പ്രവര്‍ത്തകരോട് സുരേഷ് ഗോപി ക്ഷുഭിതനായത് (Suresh Gopi on angry towards BJP workers). ഇന്നലെ രാവിലെ ശാസ്‌താംപൂവം ആദിവാസി കോളനിയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം. പ്രചാരണ പരിപാടിക്ക് ആളുകുറഞ്ഞെന്ന് പറഞ്ഞായിരുന്നു സുരേഷ് ഗോപിയുടെ ശാസന.
ആളുകളെ കാണാന്‍ സാധിക്കാതിരുന്നതിലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാതിരുന്നതിലുമാണ് തൃശൂര്‍ ലോക്‌സഭ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി പ്രവര്‍ത്തകരെ ശകാരിച്ചത്. വനിത പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പടെയാണ് സുരേഷ് ഗോപിയുടെ ശകാരം കേട്ടത്.
എന്ത് ആവശ്യത്തിനാണ് തന്നെ ഇവിടേക്ക് കൊണ്ടുവന്നത്. ജനങ്ങള്‍ക്ക് നേട്ടം ഉണ്ടാക്കാനാണ് ഇറങ്ങിയത്. അല്ലാതെ യുദ്ധത്തിനല്ല. തന്നെ സഹായിക്കാന്‍ ബൂത്തിലുള്ളവര്‍ തയ്യാറല്ലെങ്കില്‍ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവര്‍ത്തിക്കും - ഇങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. അതേസമയം പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല.