സുരേഷ് ഗോപി മാധ്യമങ്ങളോട് (ETV Bharat) തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കുറിച്ചുള്ള തന്‍റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് സുരേഷ് ഗോപി എംപി. കേന്ദ്ര സഹമന്ത്രിയായി ചുമലതയേറ്റ ശേഷം തിരുവനന്തപുരത്ത് ആദ്യമായി എത്തിയ സുരേഷ് ഗോപിക്ക് ബിജെപി പ്രവർത്തകർ നൽകിയ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിര ഗാന്ധി രാഷ്ട്ര മാതാവാണെന്ന് താൻ പറഞ്ഞിട്ടില്ല.
കോൺഗ്രസ് പാർട്ടിയുടെ മാതാവ് ഇന്ദിര ഗാന്ധിയാണെന്നാണ് പറഞ്ഞത്. കേരളത്തിലെ കോൺഗ്രസിന്‍റെ പിതാവ് കരുണാകരൻ ആണെന്നുമായിരുന്നു തന്‍റെ പരാമർശമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നടന്ന കോലാഹലങ്ങൾ താൻ ശ്രദ്ധിച്ചിട്ടില്ല.
ഇത്തരം കാര്യങ്ങൾ ഇനി ശ്രദ്ധിക്കുകയുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വലിയ ഉത്തരവാദിത്വമാണ് എന്‍റെ തലയിലുള്ളത്. ഇത്തരം കാര്യങ്ങൾ ഇനി ഞാൻ മുഖവിലയ്‌ക്കെടുക്കുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർക്ക് ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും താൻ പറഞ്ഞത് ഇതാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരന്‍റെ സ്‌മൃതി മന്ദിരമായ തൃശൂർ പൂങ്കുന്നത്തിലെ മുരളി മന്ദിരത്തിൽ ഇന്നലെ പുഷ്‌പാർച്ചന സമർപ്പിച്ച ശേഷമായിരുന്നു ഇന്ദിര ഗാന്ധിയെ രാഷ്ട്ര മാതാവായി കാണുന്നതായും കെ കരുണാകരനെ കേരളത്തിന്‍റെ പിതാവായി കാണുന്നതായും സുരേഷ് ഗോപി പ്രസ്‌താവന നടത്തിയത്.
Also Read: ഇന്ദിര ഗാന്ധി 'ഭാരതമാതാവ്', കെ കരുണാകരൻ 'ധീരനായ ഭരണാധികാരി': സുരേഷ് ഗോപി