കണ്ണൂർ :അപ്പൻ്റെയും വല്ല്യപ്പൻ്റെയും കൃഷി പാരമ്പര്യത്തിൽ നിന്ന് വളർന്നതാണ് കണ്ണൂർ നടുവിൽ വേങ്കുന്ന് സ്വദേശി കല്ലിടുക്കാനാനി മനോജ് ജോസഫ്. കോട്ടയത്ത് നിന്ന് കുടിയേറ്റ കർഷകനായി വന്ന് കണ്ണൂരിൻ്റെ മണ്ണിന് എരിവ് പകർന്ന കർഷകൻ. സ്വന്തമായുള്ള ആറ് ഏക്കറിലും പാട്ടത്തിനെടുത്ത ഒരേക്കറിലും സമ്മിശ്ര കൃഷി ചെയ്‌ത് നൂറുമേനി നേട്ടം കൊയ്യുകയാണ് മനോജ് ഇന്ന്.
റബർ, തെങ്ങ്, ജാതി, കോക്കോ, കുരുമുളക്, വാഴ, കപ്പ, ചേമ്പ്, ചേന, മഞ്ഞൾ എന്ന് വേണ്ട എല്ലാം കൃഷികളും മനോജിൻ്റെ തോട്ടത്തിൽ ഉണ്ട്. കേരള ഗവൺമെൻ്റ് സർട്ടിഫിക്കറ്റ് ഇൻ എഞ്ചിനിയറിങ് കോഴ്‌സ് (കെജിസിഇ) പഠിക്കുമ്പോൾ തന്നെ 2006ൽ കെഎസ്ബിഇയിൽ റീഡർ പദവിയിൽ ജോലി കിട്ടിയവരിൽ നാല് പേരിൽ ഒരാൾ. എന്നാൽ ഇന്ന് മനോജ് കെഎസ്ഇബിയിൽ ഇല്ല.
സമ്മിശ്ര കൃഷിയിൽ നേട്ടം കൊയ്‌ത കണ്ണൂരിലെ കർഷകനായ മനോജിനെക്കുറിച്ചറിയാം (ETV Bharat) മറ്റ് മൂന്ന് പേരും സബ് എഞ്ചിനിയർ പദവിയിൽ ഉൾപ്പടെ ഉയർന്ന തസ്‌തികയിൽ ജോലി ചെയ്യുന്നു. തൻ്റെ കൃഷി പാരമ്പര്യത്തിൻ്റെ തായ്‌വേര് അറ്റ് പോവാതിരിക്കാൻ വേണ്ടിയാണ് മനോജ് വൈദ്യുതി ബോർഡിൽ ലഭിച്ച ജോലി വേണ്ടെന്ന് വച്ച് മണ്ണില്‍ കാലൂന്നിയത്. വർഷങ്ങൾക്കിപ്പുറം നടുവിൽ പഞ്ചായത്തിൻ്റെ മികച്ച കർഷകനായും 2018ൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ മികച്ച കർഷകനായും മാറി മനോജ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പള്ളി പെരുന്നാളിനായി കുരുമുളക് വിറ്റ് ആഘോഷിച്ച ബാല്യ കാലം :കറുത്ത പൊന്നിൻ്റെ വിളവെടുപ്പ് കാലം ജനുവരിയിലാണ്. അന്നാണ് മനോജിൻ്റെ കുട്ടിക്കാലത്ത് പള്ളി പെരുന്നാൾ. പെരുന്നാൾ ആഘോഷിക്കാൻ പണം ചോദിച്ചാൽ കുരുമുളകാവട്ടെ എന്ന മറുപടിയാണ് അന്ന് അച്ഛൻ നൽകിയത്. കുരുമുളകിന് എരിവാണെങ്കിലും ഈ പൊന്ന്, ജീവിതത്തില്‍ ഒരിക്കലും കണ്ണ് നനയിച്ചിട്ടില്ലെന്ന് മനോജ് പറയുന്നു.
അച്ഛൻ കൈ പിടിച്ച് നടത്തിയ പാതയാണ് ഇന്നും മനോജ് തുടർന്നു പോകുന്നത്. ഒരു വർഷം മനോജിൻ്റെ തോട്ടത്തിൽ നിന്ന് എട്ട് ക്വിൻ്റലോളം മുളക് പറിച്ചെടുക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിനപ്പുറം ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാറുണ്ടെങ്കിലും ഇന്നും കുരുമുളകിന് വലിയ വിപണി മൂല്യം ആണെന്ന് മനോജ് പറയുന്നു.
കുതിരവാലനും ഹൈറേഞ്ച് ഗോൾഡും :മനോജ് പലയിടങ്ങളിൽ നിന്നെത്തിച്ച 40ഓളം ഇനം കുരുമുളകാണ് ഇന്ന് അദ്ദേഹത്തിൻ്റെ തോട്ടത്തിൽ നിറഞ്ഞു നിൽക്കുന്നത്. വീട്ടിലെത്തിച്ചു ഡ്രാഫ്റ്റ് ചെയ്‌ത് പുതിയ ചെടികൾ രൂപപ്പെടുത്താറാണ് പതിവ് രീതി. കോട്ടയം കാഞ്ഞിരപ്പള്ളി മേഖലകളിൽ നിന്നെത്തിച്ച ഹൈ റേഞ്ച് ഗോൾഡ്, കുതിര വാല് പോലെ നീളമുള്ള കുതിരവാലി, പന്നിയൂർ 1, കുമുകൻ, കൈരളി, ഡി ഗോൾഡ്, അഗിളി പെപ്പർ എന്നിങ്ങനെ നീളുന്നു പേരുകൾ.
മഴയുടെ തുടക്കത്തിലാണ് കുരുമുളക് കായ്ച്ചു തുടങ്ങുക. ജനുവരിയോടെ പാകം ആകും. മെയ് വരെ വിളവെടുക്കാമെന്നതാണ് രീതി. അറക്കള മുണ്ട മുതൽ പൂഞ്ഞാറൻ വരെ എന്നാണ് കുരുമുളക് വിളവെടുപ്പ് കാലത്തെ കർഷകർ പറയാറുള്ളത്.
Also Read:പാഴ്‌വസ്‌തുക്കൾ കരകൗശല വസ്‌തുക്കളാകും; കുപ്പിയിലും ഗുളികയുടെ കവറിലും കഥകളി ഭാവങ്ങൾ പകർത്തി രമണി ടീച്ചർ