ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്ക. അതിനാൽ വൃക്കകൾ ആരോഗ്യത്തോടെ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്ന ജോലി വൃക്കകളാണ് നിർവഹിക്കുന്നത്. എന്നാൽ വൃക്കകൾക്ക് ഏതെങ്കിലും വിധത്തിലുള്ള തകരാറുകൾ സംഭവിച്ചാൽ തിരിച്ചറിയാൻ വൈകാറുണ്ട്. ഇത് രോഗം ഗുരുതരമാകാനും കൂടുതൽ സങ്കീർണതയിലേക്ക് നയിക്കാനും കാരണമാകും.
ശരീരത്തിൽ കാത്സ്യം, ഫോസ്ഫേറ്റ്, ഓക്‌സലേറ്റ്, യൂറിക് ആസിഡ് എന്നിവയുടെ അളവ് വർധിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും. ദീർഘനേരം ഇരിക്കുന്നതും എൻഎസ്എഐഡികൾ പോലുള്ള വേദന സംഹാരികളുടെ അമിതമായ ഉപയയോഗവും വൃക്കകളെ ദോഷമായി ബാധിക്കുമെന്ന് ഏഷ്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ന്യുറോളജി ആൻഡ് യൂറോളജി ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമെ മറ്റ് ചില ഘടകങ്ങളും വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കും. അവ എന്തൊക്കെയെന്ന് അറിയാം.
വെള്ളം കുടി കുറയുമ്പോൾ
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വെള്ളം. ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കാതെ വരുമ്പോൾ അത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും കിഡ്‌നി സ്റ്റോൺ ഉൾപ്പെടെയുള്ള വിവിധ കിഡ്‌നി സംബന്ധമായ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും. അതിനാൽ കിഡ്‌നികളുടെ ആരോഗ്യം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
ഉപ്പ്, പഞ്ചസാര
ഉപ്പ്, പഞ്ചസാര എന്നിവയുടെ അമിത ഉപയോഗം കിഡ്‌നിസ്റ്റോണിന് കാരണമായേക്കും. അതിനാൽ ഇവ രണ്ടിന്‍റേയും അമിത ഉപയോഗം ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യുക.
സംസ്‌കരിച്ച ഭക്ഷണങ്ങൾ
സംസ്‌കരിച്ച ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിച്ചേക്കാം. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരാൻ ശ്രദ്ധിക്കുക.
പുകവലി
പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് അമിതമായ പുകവലി. വൃക്കകളെ തകരാറിലേക്ക് നയിക്കുന്ന ഒരു ഘടകം കൂടിയാണ് ഇത്. ഈ ശീലം രക്തക്കുഴലുകളിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും രക്തയോട്ടം മന്ദഗതിയിലാക്കുകയും ചെയ്യും. ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും.
മദ്യപാനം
മദ്യപാനം വൃക്കകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാൽ മദ്യപാനം ശീലം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് വൃക്കകളുടെ ആരോഗ്യവും ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യവും നിലനിർത്താൻ സഹായിക്കും.
വ്യായാമത്തിന്‍റെ അഭാവം
വ്യായാമത്തിന്‍റെ അഭാവം പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ വ്യായാമം പതിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് വ്യായാമം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി; ഗ്യാസ്‌ട്രബിൾ ഇനിയുണ്ടാകില്ല