എസ്‌എഫ്‌ഐക്കാര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ഥി കോഴിക്കോട് :എസ്‌എഫ്‌ഐക്കാരില്‍ നിന്ന് ക്രൂര മര്‍ദനമേറ്റുവെന്ന വിദ്യാര്‍ഥിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്. കൊയിലാണ്ടിയിലെ ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്‌എന്‍ഡിപി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ യൂണിയന്‍ ചെയര്‍മാന്‍, എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി തുടങ്ങി കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. കോളജിലെ വിദ്യാര്‍ഥിയായ പയ്യോളി സ്വദേശി അമലാണ് പരാതി നല്‍കിയത്.
മര്‍ദനവും പരാതിയും :ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് (മാര്‍ച്ച് 1) അമലിന് മര്‍ദനമേറ്റത്. ക്ലാസില്‍ നിന്ന് വിളിച്ചിറക്കി കോളജിന് സമീപത്തെ വീട്ടിലെത്തിച്ചാണ് മര്‍ദനത്തിന് ഇരയാക്കിയതെന്ന് അമല്‍ പറയുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് അമലുമായുള്ള വ്യക്തി വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് പരാതിയിലുണ്ട്.
കോളജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന് നേരത്തെ മര്‍ദനമേറ്റിരുന്നു. ഇതിന് പിന്നില്‍ താനാണെന്ന് തെറ്റിദ്ധരിച്ചാണ് സംഘം തന്നെ മര്‍ദിച്ചതെന്നും അമല്‍ പറയുന്നു. ക്രൂര മര്‍ദനത്തിന് ഇരയാക്കി. പിന്നാലെ അതേസംഘം തന്നെ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ പരിക്കേറ്റുവെന്നാണ് സംഘം ഡോക്‌ടറോട് പറഞ്ഞതെന്നും അമല്‍ പരാതിയില്‍ വ്യക്തമാക്കുന്നു.
ഭയം കാരണം ഡോക്‌ടറോട് ഒന്നും പറഞ്ഞിരുന്നില്ല. സ്വന്തം ക്ലാസിലെ വിദ്യാര്‍ഥി അടക്കം മര്‍ദ്ദിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ തനിക്ക് അസഹ്യമായ വേദനയുണ്ടായി. ഇതേ തുടര്‍ന്നാണ് മര്‍ദന വിവരം വീട്ടുകാരോട് പറഞ്ഞത്. വിവരം അറിഞ്ഞ കുടുംബമാണ് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയതെന്നും അമല്‍ പറഞ്ഞു.
മര്‍ദിച്ചിട്ടില്ലെന്ന് എസ്‌എഫ്‌ഐ :തങ്ങള്‍ക്കെതിരെയുള്ള കേസ് വ്യാജമാണെന്നും ആരെയും മര്‍ദിച്ചിട്ടില്ലെന്നും എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ആര്‍. അനുനാഥ് പ്രതികരിച്ചു. അതേസമയം സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിന് അമല്‍ ഇന്ന് (മാര്‍ച്ച് 4) പരാതി നല്‍കും. രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷണ കമ്മിഷനെ നിയോഗിക്കുമെന്ന് കോളജ് പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് (മാര്‍ച്ച് 4) കോളജിലേക്ക് മാർച്ച് നടത്തും.