കണ്ണൂർ:രാജ്യം സ്വാതന്ത്ര്യ ദിനത്തിന്‍റെ 78ാം വാർഷികം കൊണ്ടാടുമ്പോൾ സ്വാതന്ത്ര സമരത്തിന്‍റെ സ്‌മരണകൾ പേറുന്ന കണ്ണൂരിലെ ഒരിടമാണ് പയ്യന്നൂർ. ഉപ്പ് സത്യഗ്രഹവും പൂർണ സ്വരാജും പയ്യന്നൂരിന്‍റെ സ്വാതന്ത്ര്യ സമരത്തിന്‍റെ മരിക്കാത്ത ഓർമകളാണ്. കാലത്തിന്‍റെ കുത്തൊഴുക്കിൽ പല ചരിത്രങ്ങളും വിസ്‌മരിക്കപ്പെടുമ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ ആ ഓർമകളും സമരമുറകളും അതേപടി ഓർത്ത് പറയുന്ന ഒരു മനുഷ്യനുണ്ട് പയ്യന്നൂരിൽ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഗീതയും ഗാന്ധിയും ശക്തിയും പ്രചോദനവുമാക്കിയ വിപി അപ്പുക്കുട്ട പൊതുവാൾ.
രാജ്യം 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ പ്രായത്തിന്‍റെ അവശതകൾ ഒട്ടും ഇല്ലാതെ 101ആം വയസിലും അപ്പുക്കുട്ട പൊതുവാൾ ഭാരതത്തിന്‍റെ ത്രിവർണ പതാക ഉയർത്തുകയാണ്. ഗാന്ധിയെയും ഖാദിയെയും കൂട്ടുപിടിച്ച ജീവിതമാണ് ഈ മനുഷ്യന്‍റേത്. സ്വാതന്ത്ര്യ സമരസേനാനി സർവോദയ മണ്ഡലം മദ്യനിരോധന പ്രവർത്തകൻ, ഖാദി പ്രചാരകൻ, എഴുത്തുകാരൻ, ലേഖകൻ എന്നുവേണ്ട സാമൂഹിക സാംസ്‌കാരിക അദ്ധ്യാത്മിക മേഖലകളിലെല്ലാം ഖാദി ധരിച്ച ഈ മനുഷ്യന്‍റെ സാന്നിധ്യം ഉണ്ടാകും.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഇത്രയും പ്രായം ചെന്ന ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന മനുഷ്യരിൽ ഒരാളാകും അപ്പുക്കുട്ട പൊതുവാൾ. കഴിഞ്ഞ വർഷമാണ് രാജ്യം പദ്‌മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചത്. 1934 ജനുവരി 12ന് ഗാന്ധിജിയെ കാണാനും പ്രസംഗം കേൾക്കാനും ഇടയായതാണ് അപ്പുക്കുട്ട പൊതുവാളുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഹരിജനോധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗാന്ധിജി അന്ന് പയ്യന്നൂരിൽ എത്തിയത്. സ്വാമി ആനന്ദതീർഥൻ താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും ആയി സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയത്തിലേക്കായിരുന്നു അദ്ദേഹത്തിന്‍റെ വരവ്.
വീട്ടുമുറ്റത്ത് മാവിൻ തൈ നട്ട് ആശ്രമത്തിൽ നിന്ന് ഭക്ഷണം കഴിച്ചാണ് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് കിഴക്കുള്ള റാലിയിൽ പൊതുയോഗത്തിന് ഗാന്ധിജി എത്തുന്നത് എന്ന് അപ്പുക്കുട്ട പൊതുവാൾ ഓർത്തെടുക്കുന്നുണ്ട്. അന്ന് തന്‍റെ ഏട്ടനൊപ്പം പ്രസംഗം കേൾക്കാൻ പോയ 11 വയസ് മാത്രം പ്രായമുള്ള അപ്പുക്കുട്ട പൊതുവാൾ ഗാന്ധിജി മലയാളം പറയുന്നത് കേട്ട് പൊട്ടിച്ചിരിച്ചു. ഹരിജൻ സേവ ഫണ്ടിലേക്ക് ലഭിച്ച സ്വർണാഭരണങ്ങൾ ലേലം ചെയ്യുമ്പോൾ ലേലക്കാരനെ അനുകരിച്ചായിരുന്നു ഗാന്ധിജി ഒരുതരം രണ്ടുതരം എന്ന് മലയാളത്തിൽ പറഞ്ഞത്.