ഇടുക്കി:മാങ്കുളത്ത് ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. അച്ഛനെ മകന്‍ തലയ്ക്ക് അടിച്ച് വീഴ്‌ത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. പാറേക്കുടിയില്‍ തങ്കച്ചന്‍ അയ്യപ്പനെ(55)യാണ് മകന്‍ ബിബിന്‍ (36) ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്‌തു.
മാങ്കുളം ചിക്കണാംകുടിക്ക് സമീപം മുപ്പത്തിമൂന്നില്‍ ആണ് സംഭവം. വീടിനോട് ചേർന്നുള്ള ഷെഡിനുള്ളില്‍ കത്തിക്കരിഞ്ഞനിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രദേശവാസികളിൽ ഒരാൾ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിയുന്നത്.
മകൻ വീട്ടിനുള്ളിൽ യുവതിയെ താമസിപ്പിച്ചത് ചോദ്യം ചെയ്‌തതിനും, തങ്കച്ചന്‍റെ കൈവശം ഉണ്ടായിരുന്ന സ്വര്‍ണാഭരണവും പണവും നല്‍കണമെന്ന ആവശ്യം ചെവിക്കൊള്ളാത്തതുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്‌ച മലമുകളില്‍ കൃഷിസ്ഥലത്തിനടുത്തുള്ള ഷെഡിന് അടുത്തു വച്ച് ഇരുവരും വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്നു തങ്കച്ചനെ മകന്‍ വാക്കത്തികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു.