കാസർകോട്:സംസ്ഥാനത്ത് പൊതുമേഖലയിൽ ആദ്യമായി കടൽജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി വീടുകളിലെത്തിക്കുന്നതിന് സൗരോർജത്തിൽ പ്രവർത്തിക്കുന്ന പ്ലാന്‍റ് വരുന്നു. കാസർകോട് വികസന പാക്കേജിൽ (കെഡിപി) ഉൾപ്പെടുത്തിയുള്ള പദ്ധതിക്ക് ഭരണാനുമതിയായി. 300 വീടുകളിലേക്ക് കുടിവെള്ളമെത്തിക്കാൻ 1.40 കോടി ചെലവിലാണ് മഞ്ചേശ്വരത്ത് പ്ലാന്‍റ് സ്ഥാപിക്കുന്നത്.
ടെൻഡറെടുക്കുന്ന സ്ഥാപനം പ്ലാന്‍റ് നിർമിച്ച് ഓപ്പറേറ്ററെ നിയോഗിക്കും വിധമാണ് പദ്ധതി. സൗരോർജത്തിലാണ് പ്ലാന്‍റ് പ്രവർത്തിക്കുക. ഇത്തരം പ്ലാന്‍റുകൾക്ക് വൈദ്യുതിച്ചെലവ് ഏറുമെന്നതിനാലാണ് സൗരോർജം ഉപയോഗിക്കുന്നത്.
മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ. പദ്ധതിക്ക് കേരള ജല അതോറിറ്റി സാങ്കേതിക സഹായവും നിർവഹിക്കും. കൂടാതെ സർക്കാർ മേഖലയിലുള്ള കേരളത്തിലെ ആദ്യത്തെ സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ നടത്തിപ്പിന് ജില്ലാ കലക്‌ടർ ചെയർമാനായും സ്പെഷ്യൽ ഓഫിസർ കാസർകോട് വികസന പാക്കേജ്, കേരളാ ജല അതോറിറ്റി, എൽഐഡി & ഇഡബ്ല്യു, സിഡബ്ല്യു, ആർഡിഎം എന്നീ സ്ഥാപനങ്ങളിലെ എഞ്ചീനീയർമാർ മെമ്പർമാരുമായ ഒരു ടെക്‌നിക്കൽ കമ്മിറ്റിയും, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ചെയർമാനായ ഒരു ഓപ്പറേഷൻസ് ആൻഡ് മെയ്‌ന്‍റനൻസ് കമ്മിറ്റിയും രൂപീകരിച്ചാണ് പ്ലാന്‍റിന്‍റെ നിർമാണം ആരംഭിക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക