തിരുവനന്തപുരം :സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 150 കോടി രൂപ കൈക്കൂലി വാങ്ങി എന്ന ഹർജിയിൽ വാദം പൂർത്തിയായി. കേസില്‍ കോടതി ഉത്തരവ് ശനിയാഴ്‌ച (06-04-2024) ഉണ്ടാകും. കോടതി നിർദേശം അനുസരിച്ച് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
പരാതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തിയിട്ടില്ല. ഇതിന് കാരണം വിജിലൻസിന് ലഭിച്ച നിയമ ഉപദേശമാണ്. പി വി അൻവർ നടത്തിയ പ്രസംഗം നിയമസഭയിൽ വച്ചാണ്. കേസില്‍ നിയമസഭ സാമാജികർക്ക് എന്തെങ്കിലും അധികാരമോ മറ്റോ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണം. ഇതിനായി ലഭിച്ച പരാതി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട് എന്നും വിജിലൻസ് അഭിഭാഷക കോടതിയെ അറിയിച്ചു. എന്നാൽ അഴിമതി കേസുകളിൽ ഇത്തരം നിയമ പ്രശ്‌നങ്ങൾ ഉണ്ടാകില്ല എന്ന് പരാതിക്കാരൻ മറുപടി പറഞ്ഞു.
ഈ സംഭവമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ഉണ്ടോ എന്ന് കോടതി ചോദിച്ചു. പണം കൊണ്ട് വന്ന കണ്ടെയ്‌നർ വാഹനത്തിൻ്റെ നമ്പർ സഹിതം അറിയാം, അഴിമതി ആരോപിച്ച പി വി അൻവർ സാക്ഷി പട്ടികയിൽ ഉണ്ട് എന്നും പരാതിക്കാരനായ ഹഫീസ് കോടതിയിൽ നേരിട്ട് വാദിച്ചു. ഇരു വാദങ്ങളും പരിഗണിച്ച കോടതി ഹർജി വിധി പറയാൻ വേണ്ടി മാറ്റി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
സംസ്ഥാന സർക്കാറിൻ്റെ കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അന്തർ സംസ്ഥാന ലോബികളിൽ നിന്നും 150 കോടി രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു നിലമ്പൂർ എംഎൽഎ പി വി അൻവർ നിയമസഭയിൽ ആരോപിച്ചത്. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശിയായ ഹഫീസ് വിജിലൻസ് ഡയറക്‌ടറെ സമീപിച്ചു.