വയനാട് : പൂക്കോട് വെറ്ററിനറി കോളജിൽ വിദ്യാര്‍ഥി റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ മൂന്ന് പേരെ കൂടി പിടികൂടി. ഇതിൽ രണ്ട് പേർ നേരത്തെ പുറത്ത് വിട്ട ലുക്ക്ഔട്ട് നോട്ടിസിൽ ഉള്ളവരാണ്. പത്തനംതിട്ട, അടൂർ, കൃഷ്‌ണ വിലാസം വീട്ടിൽ ജെ. അജയ് (24), കൊല്ലം, പറവൂർ തെക്കുംഭാഗം ചെട്ടിയാൻവിളക്കം വീട്ടിൽ എ. അൽത്താഫ് (21), കൊല്ലം, കിഴക്കുഭാഗം നാലുകെട്ട് വീട്ടിൽ ആർ.എസ് കാശിനാഥൻ (25) എന്നിവരാണ് പിടിയിലായവർ (Siddharth's Death 3 More People Arrested).
ബെംഗളൂരുവിൽ വിവിധ സ്ഥലങ്ങളിലായി മാറി മാറി ഒളിവിൽ കഴിയുകയായിരുന്ന അജയ്‌യെ ബത്തേരി ഇൻസ്‌പെക്‌ടർ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സാഹസികമായി പിടികൂടിയത്. കൊല്ലത്ത് വിവിധയിടങ്ങളിലായി ഒളിവിൽ കഴിയവെ ബന്ധു വീട്ടിൽ നിന്നാണ് പടിഞ്ഞാറത്തറ ഇൻസ്‌പെക്‌ടർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അൽത്താഫിനെ കസ്റ്റഡിയിലെടുക്കുന്നത്.