എറണാകുളം :ശിവരാത്രി ബലിതർപ്പണത്തിനും ആഘോഷങ്ങൾക്കുമായി ആലുവ മണപ്പുറം ഒരുങ്ങി. ആലുവയിൽ ഇന്ന് രാത്രി 10ന് ബലിതർപ്പണം ആരംഭിക്കും. വ്യാഴം രാവിലെയും തുടരും. പിതൃകർമങ്ങൾക്കായി ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇവിടേക്ക് എത്തുക. സ്‌ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക കടവ് ഇവിടെ ഒരുക്കിയിട്ടുണ്ട്.
കൂടാതെ വിവിധ ക്ഷേത്രങ്ങളിലും ശിവരാത്രി ആഘോഷങ്ങളുണ്ടാകും. ബലിതർപ്പണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അർധരാത്രി മുതൽ ബലിതർപ്പണം തുടങ്ങും. വ്യാഴം വൈകിട്ട് 6.30ന് കൈകൊട്ടിക്കളി, ഗാനമേള എന്നിവയും ഉണ്ടാകും. പിറവം പാഴൂരിൽ രാവിലെ 8.30ന് ശീവേലിക്ക് എഴുന്നള്ളിക്കും.
വൈക്കം ഷാജിയുടെ പ്രമാണത്തിൽ നാദസ്വരവും ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും അകമ്പടിയാകും. ചേലാമറ്റം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 1000 പേർക്ക് ഓരേസമയം ബലിയിടാൻ കഴിയും.
ശിവരാത്രിയോട് അനുബന്ധിച്ച് 26നു നാല് മുതൽ 27ന് രണ്ട് വരെ ആലുവയിൽ ദേശീയപാതയിലടക്കം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. റൂറൽ എസ്‌പി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ 12 ഡിവൈഎസ്‌പിമാരും 30 ഇൻസ്പെക്‌ടർമാരും ഉൾപ്പെടെ 1500 പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടാകും. നിരത്തുകളിലും പ്രധാന കേന്ദ്രങ്ങളിലും മഫ്‌തി പൊലീസിനെ നിയോഗിക്കും.