പത്തനംതിട്ട :കടുത്ത വയറുവേദനയും ഛർദ്ദിയും തലവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ അടൂര്‍ കടമ്പനാട് എട്ട് വയസുകാരി മരിച്ചത് ഷിഗെല്ല ബാധിച്ചാണെന്ന് സംശയം. കടമ്പനാട് ഗണേശ വിലാസം അവന്തിക നിവാസില്‍ മനോജിന്‍റെയും ചിത്രയുടെയും മകൾ അവന്തിക ആണ് മരിച്ചത്. കൊടുമൺ ആറാന്തകുളങ്ങര സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
ഏപ്രില്‍ 30 ന് വൈകിട്ട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഷിഗെല്ല ബാധ സംശയിച്ച് കടമ്പനാട് പഞ്ചായത്തും ആരോഗ്യ വിഭാഗവും പ്രതിരോധ നടപടികൾ ഊർജിതമാക്കി. കടുത്ത വയറുവേദന, ഛർദ്ദി, വയറിളക്കം തലവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ഏപ്രില്‍ 30ന് രാവിലെയാണ് കുട്ടിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രോഗം വഷളായതോടെ വൈകിട്ട് മൂന്നിന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെയെത്തിയ ശേഷം മരണം സംഭവിക്കുകയായിരുന്നു.
മെഡിക്കൽ കോളജിൽ നിന്ന് ലഭിച്ച മരണകാരണം വ്യക്തമാക്കുന്ന രേഖയില്‍ കേടായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന ഷിഗെല്ല രോഗം എന്ന് സംശയിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ലാബ് പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
ഷിഗെല്ല ബാധയെന്ന സംശയത്തെ തുടര്‍ന്ന് പഞ്ചായത്ത്, ആരോഗ്യ വിഭാഗം അധികൃതര്‍ കുട്ടിയുടെ വീട്ടിലെയും സമീപത്തെ വീടുകളിലെയും കിണറുകളിലെ വെള്ളം ശേഖരിച്ചു സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അറുപതു സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായും സമീപ വീടുകളിലുള്ള മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും ഉൾപ്പെടെ രോഗലക്ഷണമുണ്ടായതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇവരെ പ്രത്യേകം നിരീക്ഷിക്കാന്‍ ആരോഗ്യ വിഭാഗത്തിന് നിര്‍ദേശം നല്‍കിയതായും കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രിയങ്ക പ്രതാപ് പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ നേതൃത്വത്തിൽ കുട്ടിയുടെ വീട്ടിലുൾപ്പെടെ ശുചീകരണ പ്രവര്‍ത്തനങ്ങൾ നടത്തിയതായും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മരിച്ച അവന്തികയുടെ സംസ്‌കാരം നടത്തി.
Also Read : 'ശ്രദ്ധ കേന്ദ്രീകരിച്ചത് സുരക്ഷയില്‍ മാത്രം'; കോവാക്‌സിനെപ്പറ്റി ആശങ്ക വേണ്ടെന്ന് ഭാരത് ബയോടെക് - Bharat Biotech Gives Explanation