തിരുവനന്തപുരം: വേറിട്ടകാഴ്‌ചകളുടെ ഉത്സവമായ ശാന്തിഗിരി ഫെസ്റ്റില്‍ പൂക്കളുടെ വസന്തം തീര്‍ക്കാന്‍ 30,000 ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ മെഗാഫ്ലവര്‍ ഷോ ഒരുങ്ങുന്നു. ഫ്ലവര്‍ ഷോയുടെ തയ്യാറെടുപ്പുകൾക്കായി അടയ്ക്കുന്നതിനാല്‍ നാളെ (18/11/2024) മുതല്‍ ഒരു മാസത്തേയ്ക്ക് ഫെസ്റ്റ് നഗരിയില്‍ പ്രവേശനമുണ്ടാവില്ല. ഡിസംബര്‍ 20ന് പുതുമകളോടെ വീണ്ടും തുറക്കും.
മെഗാഫ്ലവര്‍ഷോയ്ക്ക് മുന്നോടിയായി പ്ലാന്‍റ് ഇന്‍സ്റ്റലേഷനായുളള നിലമൊരുക്കല്‍ ആരംഭിച്ചു കഴിഞ്ഞു. 12ഡി തീയേറ്റര്‍, സ്നോ ഹൗസ്, ടണല്‍ മാതൃകയിലുളള അക്വാഷോ, ഹൈദരബാദില്‍ നിന്നെത്തുന്ന അമ്യൂസ്മെന്‍റ് പാര്‍ക്ക് എന്നിവയുടെ ക്രമീകരണങ്ങള്‍ക്ക് കുറഞ്ഞത് ഒരു മാസമെങ്കിലും വേണം. എല്ലായിടവും പുതുമകള്‍ നിറയുന്ന ഇന്‍സ്റ്റലേഷനുകളാകും രണ്ടാംഘട്ടത്തില്‍ ഉണ്ടാവുക. ഇതിനുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശകരുടെ കാഴ്‌ചയ്ക്ക് തടസമാകും എന്നതിനാലാണ് ഒരു മാസത്തേക്ക് ഫെസ്റ്റ് നഗരി അടച്ചിടുന്നതെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചു.
അടിമുടി മാറ്റവുമായി രണ്ടാംഘട്ടം
ഒന്നാംഘട്ടത്തിലെ കാഴ്‌ചകളില്‍ നിന്ന് അടിമുടി മാറ്റമുണ്ടാകും രണ്ടാംഘട്ടത്തിലെ കാഴ്‌ചകള്‍ക്ക്. പ്രവേശനകവാടത്തില്‍ തന്നെ പൂക്കളുടെ വസന്തമാകും കാണികളെ വരവേല്‍ക്കുക. വൈദ്യുത ദീപാലങ്കാരങ്ങളും പ്രദര്‍ശന വിപണനമേളകളും രണ്ടാംഘട്ടത്തിലുമുണ്ടാകും.
ഫെസ്റ്റിന്‍റെ പ്രധാന ആകര്‍ഷണമായ വാട്ടര്‍ ഫൗണ്ടയ്‌നിലും മാറ്റമുണ്ടാകും. 12 വര്‍ഷത്തിനു ശേഷം അവതരിപ്പിക്കപ്പെട്ട ശാന്തിഗിരി ഫെസ്റ്റിന്‍റെ മൂന്നാം പതിപ്പ് ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മൂന്നര കിലോമീറ്ററില്‍ കണ്ടുതീരാനാവത്തത്ര കാഴ്‌ചകളാണ് ഒരുക്കിയിരുന്നത്.
പ്രായഭേദമന്യേ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുളളവര്‍ ശാന്തിഗിരിയിലേക്ക് ഒഴുകിയെത്തി. കാഴ്‌ചകള്‍ക്കൊപ്പം അറിവും ആനന്ദവും നിറയ്ക്കുന്നതായിരുന്നു ഫെസ്റ്റിലെ ഓരോ ദിനവും. കലാസാഹിത്യസാംസ്‌കാരിക പരിപാടികള്‍ ഫെസ്റ്റിന് മിഴിവേകി. പ്രമുഖ പത്ര-ദൃശ്യമാധ്യമങ്ങളുടെ സഹകരണത്തോടെ മെഗാവേദിയില്‍ അരങ്ങേറിയ സംഗീതസന്ധ്യകള്‍ നാടിന്‍റെ ഉത്സവമായി മാറി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവരുടെ അഭ്യര്‍ഥന മാനിച്ചാണ് ക്രിസ്‌തുമസ്-പുതുവത്സരാഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ അനന്തപുരിയുടെ സ്വന്തം കാര്‍ണിവല്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച ഫെസ്റ്റില്‍ വന്‍ ജനത്തിരക്കായിരുന്നു. അനിയന്ത്രിതമായ ജനപ്രവാഹം മൂലം ഫെസ്റ്റ് ഡിസംബര്‍ ഒന്ന് വരെ നീട്ടാന്‍ തിരുമാനമെടുത്തിരുന്നെങ്കിലും ഫെസ്റ്റ് നഗരിയില്‍ അടിയന്തര അറ്റകുറ്റപണികള്‍ കൂടി ആവശ്യമായതിനാലാണ് ഒരുമാസക്കാലത്തേക്ക് പ്രവേശനം നിര്‍ത്തിവയ്ക്കുന്നെതെന്ന് അധികൃതര്‍ പറഞ്ഞു.
Also Read:മനുഷ്യന്‍ വരച്ച് നിര്‍ത്തിയതില്‍ വസന്തം വിരിച്ച് പ്രകൃതി; മനോഹര കാഴ്‌ചയാവുകയാണ് സലഫി മസ്‌ജിദിന് മുന്നിലെ മതില്‍