പാലക്കാട്:ഉപതെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിൽ വന്ന കുറവ് യുഡിഎഫിനെ ബാധിക്കില്ലെന്ന് ഷാഫി പറമ്പിൽ എംപി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞത് തങ്ങൾക്ക് അനുകൂലമാണ് എന്ന ബിജെപിയുടെ വാദം പൊളിയുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. വികെ ശ്രീകണ്‌ഠൻ എംപിക്കൊപ്പം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെല്ലാം മികച്ച പോളിങ്ങാണ് നടന്നത്. ബിജെപി ജയിക്കുമെന്ന അവരുടെ അവകാശവാദം ശനിയാഴ്‌ച പൊളിയുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. എന്ത് അടിസ്ഥാനത്തിലാണ് പോളിങ് ശതമാനക്കുറവ് യുഡിഎഫിനെ ബാധിക്കുമെന്ന് പറയുന്നത് എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിരായിരിയിലെ യുഡിഎഫ് കേന്ദ്രങ്ങളിൽ മികച്ച പോളിങ്ങാണ് ഉണ്ടായത്. നഗരസഭയിൽ ബിജെപിക്ക് മേൽക്കയ്യുള്ള സ്ഥലങ്ങളിലാണ് വോട്ടർമാരുടെ കുറവ് കണ്ടത്. യുഡിഎഫിന് ആത്മവിശ്വാസക്കുറവില്ല. വോട്ടെണ്ണുന്ന ദിവസം അത് വ്യക്തമാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ബിജെപിക്ക് ഏറ്റവും അധികം വോട്ട് പിരായിരിയിൽ ലഭിച്ചെന്ന് അവർ പറയുന്ന 2021ലെ തെരഞ്ഞെടുപ്പിൽ 26,015 വോട്ടാണ് പോൾ ചെയ്‌തത്. 25,000 വോട്ടാണ് ലോക്‌സഭയിൽ പോൾ ചെയ്‌തത്. 26,200 വോട്ടുകളാണ് ഈ തെരഞ്ഞെടുപ്പിൽ പോൾ ചെയ്‌തത്.