പിണറായി ലക്ഷണമൊത്ത ഏകാധിപതി, പൊലീസിലെ ഗുണ്ടകളുടെ ദൈവം : ഷാഫി പറമ്പില്‍ തിരുവനന്തപുരം :ലക്ഷണമൊത്തൊരു ഏകാധിപതിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കോടതി നിര്‍ദ്ദേശ പ്രകാരം മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്കെതിരെ കേസെടുത്തിട്ടും തുടര്‍ നടപടി സ്വീകരിക്കാത്തതിനെതിരെ നിയമസഭയില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടിസ് സ്‌പീക്കര്‍ തള്ളിയതില്‍ പ്രതിഷേധിച്ച് സഭ വിട്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരെ കുറിച്ച് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമോ ചര്‍ച്ചയ്ക്കുള്ള അവസരമോ ഇല്ലെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു (Shafi Parambil MLA).
കര്‍ഷകരെ നേരിടുന്ന മോദിയും സമരക്കാരെ നേരിടുന്ന പിണറായിയും തമ്മിലുള്ള വ്യത്യാസം കോട്ടും താടിയും ഹിന്ദിയും മാത്രമാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെ എത്തിയ ഒന്നും രണ്ടും വാഹനത്തില്‍ നിന്നിറങ്ങിയവരാണ് യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതല്ലാതെ വാഹനത്തില്‍ നിന്നും ഇറങ്ങി ചുറ്റും നില്‍ക്കുന്നവരെ നേരിടാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല (MLA Shafi Parambil Against CM).
മുഖ്യമന്ത്രി കടന്നുപോയ ശേഷം ആര്‍എസ്‌എസുകാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ദണ്ഡ് ഉപയോഗിച്ചാണ് ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ തലയ്ക്ക് അടിച്ചത്. കോടതി ഇടപെട്ട് കേസ് എടുക്കാന്‍ പറഞ്ഞിട്ടും ഈ പൊലീസ് ക്രിമിനലുകള്‍ ഹാജരാകാത്തത് മുഖ്യമന്ത്രിയുടെ സംരക്ഷണയിലാണ്. പൊലീസിലെ ഗുണ്ടകളുടെ ദൈവമാണ് പിണറായി വിജയന്‍ (Shafi Parambil Against Pinarayi Vijayan).
കൊലപാതക ശ്രമമെന്ന് എഫ്‌ഐആറില്‍ പറയുന്ന സംഭവത്തെയാണ് ജീവന്‍ രക്ഷാദൗത്യമെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചത്. അന്യന്‍റെ വേദന കണ്ട് ആസ്വദിക്കുന്ന സാഡിസ്റ്റ് മനോഭാവമാണ് മുഖ്യമന്ത്രിക്ക്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് നേമം ഷജീറിനെ സ്റ്റേഷനിനുള്ളിലിട്ട് മര്‍ദ്ദിച്ച സമ്പത്ത് എന്ന എസ്.ഐക്കെതിരെ ആറ് വര്‍ഷത്തിന് ശേഷമാണ് കേസെടുക്കാന്‍ തയാറായത് (PM Narendra Modi).
ക്രൂരനായ ഈ പൊലീസുകാരന്‍ ഇപ്പോഴും സര്‍വീസിലുണ്ട്. പൊലീസിന്‍റെ മുഴുവന്‍ രക്ഷാധികാരിയും മുഖ്യമന്ത്രിയാണ്. പിണറായി ഗുഡ് സര്‍വീസ് എന്‍ട്രി കൊടുത്ത പൊലീസുകാരാകണം ഇനി അധികാരത്തില്‍ വരുന്ന സര്‍ക്കാരിന്‍റെ ബ്ലാക്ക് ലിസ്റ്റില്‍ ഉണ്ടാകേണ്ടത്. ക്രിമിനലുകള്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയ പിണറായി വിജയന് കേരളം ഒരു ബാഡ് സര്‍വീസ് എക്‌സിറ്റ് കരുതി വച്ചിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു (Kerala Police).