എറണാകുളം :യുവ നടിയുടെ ലൈംഗികാരോപണത്തെ തുടര്‍ന്ന് താരസംഘടനയായ അമ്മ (A.M.M.A) ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നടൻ സിദ്ദിഖ് രാജിവച്ചു. സംഘടന പ്രസിഡന്‍റ് മോഹൻലാലിന് താരം രാജിക്കത്ത് കൈമാറി. നടി ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സിദ്ദിഖ് സ്വമേധയ രാജിവക്കുകയായിരുന്നു.
ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഈ പദവിയില്‍ ഇരിക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് തോന്നി. അതിനാല്‍ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവക്കുന്നു എന്ന് സിദ്ദിഖ് അറിയിച്ചു. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിശദീകരണം പിന്നീട് നല്‍കാമെന്നും നടന്‍ അറിയിച്ചു. നിലവില്‍ സിനിമ ഷൂട്ടിങ്ങിന്‍റെ ഭാഗമായി സിദ്ദിഖ് ഊട്ടിയിലാണുളളത്.