ഇടുക്കി :മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറി മാലിന്യം റോഡിലൂടെ ഒഴുകുന്നത് ജീവനക്കാർക്കും രോഗികൾക്കും ദുരിതം വിതയ്ക്കുന്നു. മലിന ജലം ശേഖരിക്കുന്ന ടാങ്കിൽ നിന്നും റോഡിലേക്കാണ് വലിയ പൈപ്പിലൂടെ ഒഴുകിയെത്തുന്നത്. ആശുപത്രിയിലേക്ക് പ്രവേശിക്കാനുള്ള ഏക റോഡിലാണ് ഈ ദുരവസ്ഥ. രോഗികളും ആശുപത്രി ജീവനക്കാരുമെല്ലാം ഈ മലിന ജലത്തിലൂടെ കടന്നു വേണം ആശുപത്രിയിലെത്താൻ. മലിന ജലം റോഡിലൂടെ ഒഴുകുന്നതുമൂലം വഴിനടക്കാനാവാത്ത സ്ഥിതിയാണ്. ദുർഗന്ധം വമിച്ച് കെട്ടിക്കിടക്കുന്ന മലിനജലം സാംക്രമിക രോഗ വ്യാപനത്തിന് കരണമാകുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
ഇടുക്കിക്ക് ഇത് എന്തുപറ്റി? മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറി മാലിന്യം ഒഴുകുന്നത് റോഡിലൂടെ - ഇടുക്കി മെഡിക്കൽ കോളജ്
ആശുപത്രിയിലേക്ക് പ്രവേശിക്കാനുള്ള ഏക റോഡിലൂടെയാണ് മലിന ജലം ഒഴുകുന്നത് എന്നതിനാല്‍ രോഗികള്‍ക്കും ജീവനക്കാരക്കും ഇത് കടന്നു വേണം ആശുപത്രിയിലെത്താൻ.
Published : Mar 4, 2024, 10:21 PM IST
|Updated : Mar 4, 2024, 10:45 PM IST
മലിന ജലം റോഡിലൂടെ സമീപത്തെ തോടിലേക്കാണ് പതിക്കുന്നത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ ഈ മലിനജലം കാൽനട യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുകയും ചെയ്യും. ആശുപത്രി പരിസരം രോഗവ്യാപന കേന്ദ്രമായി മാറുകയുമാണ്. മെഡിക്കൽ കോളേജിന്‍റെ ശുചി മുറിമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് മതിയായ സംവിധാനം ഇല്ല.
ദുർഗന്ധം അസഹ്യമാകുമ്പോള്‍ ക്ലോറിൻ വിതറുക മാത്രമാണ് ചെയ്യുന്നതെന്ന് രോഗികൾ വ്യക്തമാക്കുന്നു. ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിമാരുൾപ്പെടെ എത്തുമ്പോഴും ഈ ദുർഗന്ധം വമിക്കുന്ന മാലിന്യം സംസ്‌കരിക്കുന്നതിന് നടപടിയില്ലെന്നാണ് ആക്ഷേപം.