തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ കൊച്ചു കലാകാരന്മാരും കലാകാരികളും മാറ്റുരക്കുന്ന സ്‌കൂള്‍ കലോത്സവത്തിലേക്കായിരിക്കും ഇനിയുള്ള നാളുകളില്‍ കേരളത്തിലെ 47 ലക്ഷം കുട്ടികളുടേയും അവരുടെ വീട്ടുകാരുടേയും മുഴുവന്‍ കണ്ണുകളും. അനന്തപുരിയിലെ വേദികളില്‍ കൗമാര കേരളത്തിന്‍റെ കലാ പ്രകടനങ്ങള്‍ക്ക് നിറഞ്ഞ പ്രോത്സാഹനം നല്‍കാന്‍ സംസ്ഥാനമാകെ ഒറ്റമനസ്സോടെ കാത്തിരിക്കുന്ന നാളുകള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ പൊതുവേ ജനപ്രിയ ഇനങ്ങളായി അറിയപ്പെടുന്നത് നാടകങ്ങളും നൃത്ത ഇനങ്ങളും മോണോ ആക്റ്റുമാണ്. ജനുവരി നാലിന് ശനിയാഴ്‌ച തിരുവനന്തപുരത്ത് ആരംഭിക്കുന്ന സ്‌കൂള്‍ കലോത്സവം ഇരുപത്തഞ്ച് വേദികളിലായാണ് നടക്കുക. തിരുവനന്തപുരം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായാണ് കേരളത്തിലെ വിവിധ നദികളുടെ പേരില്‍ അറിയപ്പെടുന്ന വേദികള്‍.
മത്സരം എപ്പോള്‍ എവിടെ നടക്കുമെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഇവിടെ വായിക്കാം.
പ്രൗഢ ഗംഭീരമായ ഉദ്ഘാടന സമ്മേളനം നടക്കുന്നത് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദി ഭാരതപ്പുഴയിലാണ്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കലോത്സവത്തില്‍ കേരള കലാമണ്ഡലം നൃത്തസംവിധാനമൊരുക്കുന്ന അവതരണഗാനത്തിന്‍റെ നൃത്താവിഷ്‌കാരം ഉള്‍പ്പെടെ ഉദ്ഘാടന വേദിയില്‍ അവതരിപ്പിക്കപ്പെടും. മുഖ്യ വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടര്‍ന്നങ്ങോട്ടുള്ള അഞ്ച് നാളുകളില്‍ നൃത്ത മത്സരങ്ങളാണ് നടക്കുക.
സ്‌കൂള്‍ കലോത്സവം (ഫയല്‍ ചിത്രം) (ETV Bharat) നര്‍ത്തന വേദികള്‍
നൃത്തയിനങ്ങള്‍ പ്രധാനമായി രണ്ട് വേദികളിലാണ് നടക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലും വഴുതക്കാട് വിമെന്‍സ് കോളജ് ഓഡിറ്റോറിയത്തിലും. ഏതാനും ചില ഇനങ്ങള്‍ ടാഗോര്‍ തിയറ്ററിലും നടക്കും.
ആദ്യ ദിനം തന്നെ ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടവും ഹയര്‍സെക്കണ്ടറിയുടെ സംഘനൃത്ത മല്‍സരങ്ങളും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ ദിനമായ ശനിയാഴ്ച തന്നെ ഹൈസ്‌കൂള്‍ വിഭാഗം കുച്ചുപ്പുടി ടാഗോര്‍ തിയേറ്ററിലും ഹയര്‍സെക്കണ്ടറി ഭരതനാട്യം വിമെന്‍സ് കോളജ് ഓഡിറ്റോറിയത്തിലും നടക്കും.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയില്‍ ഞായറാഴ്‌ച മോഹിനിയാട്ടവും തിങ്കള്‍ ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ കുച്ചുപ്പുടി, തിരുവാതിരക്കളി, ഭരതനാട്യം എന്നിവ നടക്കും. ആകര്‍ഷകമായ ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്തം ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞും ഹയര്‍ സെക്കണ്ടറി നാടോടി നൃത്തം ബുധനാഴ്‌ച രാവിലേയുമാണ്. വിമെന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ ഞായര്‍ , തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തിരുവാതിരക്കളി, നാടോടിനൃത്തം കുച്ചുപ്പുടി മത്സരങ്ങളാണ്.
സ്‌കൂള്‍ കലോത്സവം (ഫയല്‍ ചിത്രം) (ETV Bharat) ഒപ്പന കാണാന്‍ രണ്ടു വേദികള്‍
ഒപ്പന മല്‍സരങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് രണ്ടു വേദികളിലേക്ക് തിരിക്കാം. ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന ഞായറാഴ്‌ച രാവിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ്.ഹയര്‍ സെക്കണ്ടറി വിഭാഗം ഒപ്പന വഴുതക്കാട് വിമെന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ്. മാപ്പിളപ്പാട്ട് മത്സരങ്ങള്‍ വഴുതക്കാട് കാര്‍മല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടക്കും. കോല്‍ക്കളി ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗം മത്സരങ്ങള്‍ തിങ്കള്‍- ചൊവ്വ ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ് വിമെന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.
നാടകശാല ടാഗോര്‍ തിയേറ്ററില്‍
ഏറെ ജനപ്രിയമായ നാടക മത്സരങ്ങള്‍ക്ക് വഴുതക്കാട് ടാഗോര്‍ തിയേറ്ററാണ് വേദി. ഹയര്‍സെക്കണ്ടറി വിഭാഗം നാടകം ഞായറാഴ്ചയും ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം ചൊവ്വാഴ്ചയും ഇവിടെ നടക്കും.
സംഗീത വിരുന്ന്
സംഗീത പ്രേമികള്‍ക്ക് വിരുന്നൊരുക്കാന്‍ തൈക്കാട് സ്വാതിതിരുനാള്‍ സംഗീത കോളജില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ലളിതഗാന മത്സരങ്ങളുണ്ട്. ഇതേ വേദിയില്‍ തുടര്‍ന്ന് തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംഘഗാനം, ശാസ്ത്രീയ, സംഗീതം, ദേശഭക്തിഗാനം വയലിന്‍ മത്സരങ്ങളും നടക്കും.
മറ്റ് ഉപകരണസംഗീത മത്സരങ്ങള്‍ നടക്കുന്നത് വെള്ളയമ്പലം ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് ഹാളിലാണ്. ഗിറ്റാറും നാദസ്വരവും മദ്ദളവും തബലയും ഗഞ്ചിറയും ഘടവും ട്രിപ്പിള്‍ ഡ്രമ്മും ജാസും ഇവിടെയാണ്. കവടിയാറിലെ നിര്‍മലഭവന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വേദിയിലും ദേശഭക്തി ഗാന സംഘഗാന മത്സരങ്ങള്‍ നടക്കും.
ഓട്ടന്‍ തുള്ളല്‍, വട്ടപ്പാട്ട്, കഥാപ്രസംഗ മത്സരങ്ങളും ഇവിടെ നടക്കും. വീണ, ക്ലാരിനെറ്റ്, ബ്യൂഗിള്‍ മത്സരങ്ങള്‍ തൈക്കാട് ഭാരത് ഭവനിലാണ്. കൂടിയാട്ടം യക്ഷ ഗാനം മല്‍സരങ്ങളും ഇവിടെ നടക്കും. അഷ്ടപദി മത്സരങ്ങള്‍ തൈക്കാട് എല്‍ പി സ്‌കൂളിലെ വേദിയിലാണ്. ഓടക്കുഴല്‍ മത്സരം പാളയം അയ്യങ്കാളി ഹാളില്‍ ഞായറാഴ്ചയാണ്.
മേള പ്രിയര്‍ക്ക് പൂജപ്പുര സാംസ്കാരിക കേന്ദ്രത്തിലാണ് വിരുന്ന്. ശനിയാഴ്ച പഞ്ചവാദ്യവും ഞായറാഴ്ചയും തിങ്കളാഴ്ചയും ചെണ്ട, തായമ്പക ചെണ്ട മേളം മത്സരങ്ങളും നടക്കും. ചൊവ്വാഴ്ച ഇതേ വേദിയിലാണ് നാടന്‍പാട്ട് മത്സരവും നടക്കുക. കഥകളി മത്സരങ്ങള്‍ കോട്ടണ്‍ ഹില്‍ സ്‌കൂള്‍ വേദിയിലാണ് നടക്കുക.
സ്‌കൂള്‍ കലോത്സവം (ഫയല്‍ ചിത്രം) (ETV Bharat) മിമിക്രി, മോണോ ആക്റ്റ്
അനുകരണകലയിലെ പുത്തന്‍ വാഗ്ദാനങ്ങളെ തിരയുന്നവര്‍ക്ക് വേദി പാളയത്തെ സെന്‍റ് ജോസഫ് സ്കൂള്‍ ഓഡിറ്റോറിയമാണ്. തിങ്കള്‍ ചൊവ്വ ദിവസങ്ങളിലാണ് മിമിക്രി മത്സരങ്ങള്‍. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അത്യാകര്‍ഷകരമായ വൃന്ദവാദ്യ മത്സരവും ഇവിടെയാണ്. കലോത്സവത്തിന്‍റെ അവസാന ദിനമായ ബുധനാഴ്‌ച ഈ വേദിയില്‍ കഥാ പ്രസംഗ മത്സരമാണ്.
ഏകാഭിനയ മത്സരം അഥവാ മോണോ ആക്റ്റ് നടക്കുക പട്ടം ഗവണ്‍മെന്‍റ് ഗേള്‍സ് ഹൈ സ്കൂളിലാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് മത്സരം. ഇംഗ്ളീഷ് സ്‌കിറ്റ് മത്സരം വിമെന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ ബുധനാഴ്‌ച രാവിലെയാണ് നടക്കുക.
പാരമ്പര്യ കലകള്‍
മണക്കാട് ഗവണ്‍മെന്‍റ് എച്ച് എസ് എസിലാണ് പൂരക്കളി, പരിചമുട്ട്കളി മത്സരങ്ങള്‍. വഞ്ചിപ്പാട്ട് മത്സരം ബുധനാഴ്‌ച കാര്‍മ്മല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ്.
പുതുതായി ഏര്‍പ്പെടുത്തിയ മംഗലം കളി, പണിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നിവ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് നടക്കുക.
സ്‌കൂള്‍ കലോത്സവം (ഫയല്‍ ചിത്രം) (ETV Bharat) സമയ കൃത്യത ഉറപ്പാക്കും
മത്സരങ്ങള്‍ നീണ്ടു പോകുന്നത് ഒഴിവാക്കാന്‍ എല്ലാ വേദികളിലും സമയ കൃത്യത പാലിക്കാന്‍ ഇത്തവണ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേദികളിലെല്ലാം രാവിലെ 9.30 ന് തന്നെ മത്സരങ്ങള്‍ ആരംഭിക്കും. നിശ്ചിത സമയത്തിനകം മത്സരം അവസാനിപ്പിക്കുന്നതിനും നടപടികളുണ്ടാവും.
എങ്കിലും വിവിധ ജില്ലകളില്‍ നിന്ന് വിജയികളായെത്തിയവര്‍ക്ക് പുറമേ അപ്പീലിലൂടെ എത്തുന്നവര്‍ കൂടിയാകുമ്പോള്‍ മത്സരങ്ങള്‍ നീണ്ടു പോകുമോ എന്ന ആശങ്ക സംഘാടകര്‍ക്കുണ്ട്. രചനാ മത്സരങ്ങളും ഓഫ് സ്റ്റേജ് ഇനങ്ങളും അറബിക്, സംസ്‌കൃത കലോത്സവങ്ങളുമടക്കം ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 249 ഇനങ്ങളിലാണ് മത്സരമുള്ളത്.
സ്‌കൂള്‍ കലോത്സവം (ഫയല്‍ ചിത്രം) (ETV Bharat) നഗരത്തിലെ മുപ്പത് സകൂളുകളിലാണ് മത്സരാര്‍ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത്. ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് ജനുവരി മൂന്നിന് തിരുവനന്തപുരം ജില്ലയിലെത്തും. കാസര്‍കോട് നിന്ന് ഡിസംബര്‍ 31 ന് വാഹന ജാഥയായാണ് സ്വര്‍ണ്ണക്കപ്പ് പ്രയാണം ആരംഭിക്കുക. പുത്തരിക്കണ്ടത്തെ ഭക്ഷണപ്പുരയില്‍ അഞ്ചു ദിവസവും മത്സരാര്‍ഥികള്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കാന്‍ ഇത്തവണയും പഴയിടം തന്നെ എത്തും.
ALSO READ:സ്‌കൂൾ കലോത്സവം; വിധി നിര്‍ണയത്തില്‍ പരസ്യ പ്രതിഷേധങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രി, വരുന്നൂ സ്‌കൂളുകള്‍ക്ക് റീല്‍ മത്സരം - REEL COMPETITION SCHOOL KALOLSAVAM