തിരുവനന്തപുരം: കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റിൽ കേരളത്തോട് തികഞ്ഞ അവഗണനയാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. 'എല്ലാ സംസ്ഥാനങ്ങളോടും തുല്യമായ സമീപനം സ്വീകരിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. ബിജെപി സർക്കാരിന്‍റെ ഇതുവരെയുള്ള ബജറ്റിൽ നിന്ന് ഒരു വ്യത്യാസവുമില്ലാത്ത ബജറ്റാണ് ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കേന്ദ്രത്തിന് താത്പര്യമുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരിയും മറ്റുള്ള സംസ്ഥാനങ്ങൾക്ക് അവഗണനയുമാണ് ബജറ്റിൽ. കേരളത്തിനുള്ള വിഹിതം വൻതോതിൽ വെട്ടിക്കുറക്കുന്നുവെന്ന് കണക്കുകൾ തന്നെ സംസാരിക്കുന്നു. സംസ്ഥാനം ആവശ്യപ്പെട്ട പാക്കേജുകളിൽ തികഞ്ഞ മൗനം പാലിക്കുകയാണ് ബജറ്റ്.
പൊതുവേ കേരളത്തോടുള്ള സമീപനം അങ്ങേയറ്റം നിരാശാജനകമാണ്. സംസ്ഥാനങ്ങൾക്ക് ബജറ്റ് വിഹിതത്തിൽ 491000 കോടി വർധിച്ചിട്ടും കേരളത്തിന് ഒന്നുമില്ല. 73000 കോടി രൂപ കേരളത്തിന് ജനസംഖ്യാടിസ്ഥാനത്തിൽ ലഭിക്കേണ്ടതാണ്. കഴിഞ്ഞ ബജറ്റിൽ വെറും 32000 കോടി മാത്രമാണ് ലഭിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്നത്തെ സാഹചര്യത്തിൽ പ്രതിവർഷം 3200 കോടിയെങ്കിലും ലഭിക്കുമോ എന്ന് സംശയമാണ്. വിഴിഞ്ഞത്തെക്കുറിച്ച് ഒന്നും മിണ്ടാത്തത് പ്രതിഷേധാർഹമാണ്. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയിലും കൂടുതലാണ് കേരളത്തിന്‍റേത്. സംസ്ഥാനത്തിന്‍റെ പല പദ്ധതികളും കേന്ദ്രം മറ്റു പല പേരുകളിൽ നടപ്പാക്കുന്നു.
തൊഴിലുറപ്പ് പദ്ധതി വിഹിതത്തിൽ ഒരു രൂപ പോലും വർധനയില്ല. 12 ലക്ഷം നികുതിയിളവ് പോലും തട്ടിപ്പാണ്. നികുതി നിരക്ക് വച്ചു കണക്ക് കൂട്ടിയാൽ പകുതി ആളുകൾക്ക് പോലും ഇതിന്‍റെ ഗുണമുണ്ടാകുന്നില്ല. റിബേറ്റ് ലഭിക്കുന്നു എത്തത് വസ്‌തുതയായി അംഗീകരിക്കാമെങ്കിലും സ്ലാബ് അതേപടി നിലനിർത്തിയിരിക്കുകയാണ്.
ഇന്ത്യയിലെ പ്രധാനമന്ത്രി മുഴുവൻ ജനങ്ങളുടെയും പ്രധാനമന്ത്രിയാണെന്നും ഇന്ത്യയിലെ ധനമന്ത്രി ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും ധനമന്ത്രിയാണെന്നും ഇന്ത്യാ ഗവൺമെന്‍റ് ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും ഗവൺമെന്‍റാണെന്നുള്ള കാഴ്‌ചപ്പാട് തീരെയില്ലാത്ത ബഡ്‌ജറ്റായിരുന്നുവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.