തിരുവനന്തപുരം: വയനാടിനും വിഴിഞ്ഞത്തിനും പ്രത്യേക പാക്കേജ് എന്ന കേരളത്തിന്‍റെ ആവശ്യം പൂർണമായി അവഗണിച്ച കേന്ദ്ര ബജറ്റ് അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നു. ദേശീയ പ്രാധാന്യം അംഗീകരിക്കും വിധം വിഴിഞ്ഞത്തിന് പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ലെന്ന് മാത്രമല്ല, വന്‍കിട പദ്ധതികളുമില്ല. നിരന്തരമായി ആവശ്യപ്പെടുന്ന എയിംസ്, റെയില്‍വേ കോച്ച് നിര്‍മാണശാല എന്നിവയ്ക്ക് ഇത്തവണയും പരിഗണനയില്ല. സംസ്ഥാനങ്ങള്‍ക്കായി 25 ലക്ഷം കോടി രൂപ നീക്കിവക്കുമ്പോള്‍ ഏതാണ്ട് 40,000 കോടി പോലും കേരളത്തിനു ലഭിക്കാത്ത നിലയാണുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുരോഗതി കൈവരിച്ച മേഖലയ്ക്കും പുരോഗതി കൈവരിക്കേണ്ട മേഖലയ്ക്കും പരിഗണനയില്ല. വായ്‌പാ പരിധിയുടെ കാര്യത്തിലടക്കം കേരളം മുന്നോട്ടു വച്ച ഒരു കാര്യങ്ങളും പരിഗണിച്ചില്ല. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവിലയില്ലെന്ന് മാത്രമല്ല, റബര്‍-നെല്ല്-നാളികേര കൃഷികള്‍ക്ക് പരിഗണനയുമില്ല.
റബര്‍ ഇറക്കുമതിയും നിയന്ത്രിക്കില്ല. തെരഞ്ഞടുപ്പ് എവിടെയെന്ന് നോക്കി അവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റില്‍ കണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താകുറിപ്പിലൂടെ പറഞ്ഞു.
Also Read:താത്പര്യമുള്ള സംസ്ഥാനങ്ങൾക്ക് വാരികോരി, കേന്ദ്ര ബജറ്റിൽ കേരളത്തോട് തികഞ്ഞ അവഗണനയെന്ന് കെ എൻ ബാലഗോപാൽ