ജയ്‌പുർ:പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനാധിപത്യം തകർക്കുകയാണെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി. ജയ്‌പുരിലെ വിദ്യാധർ നഗർ സ്‌റ്റേഡിയത്തിൽ സംസാരിക്കുകയായിരുന്നു സോണിയ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
'മോദി രാജ്യത്തിനും മുകളിലാണെന്ന് സ്വയം ധരിക്കുകയാണ്. ജനാധിപത്യം തകർക്കാൻ ശ്രമിക്കുകയാണ്. അദ്ദേഹം സ്വയം മഹാനെന്ന് വിളിക്കുകയാണ്. അത്തരം നേതാക്കൾ ഭയത്തിന്‍റെ ഒരന്തരീക്ഷം സൃഷ്‌ടിക്കും' -സോണിയ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി രാജ്യം ഒരു സർക്കാരിന്‍റെ കൈകളിലാണ്. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും പ്രോത്സാഹിപ്പിക്കുകയല്ലാതെ ഈ സര്‍ക്കാര്‍ ഒന്നും ചെയ്‌തിട്ടില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ 70 വർഷമായി കോൺഗ്രസ് ചെയ്‌ത കാര്യങ്ങൾ മാത്രമാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറയുന്നതെന്ന് റാലിയില്‍ സംസാരിക്കവേ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. 'ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്‌തു. അതിന്‍റെ കണക്ക് നൽകാനും തയ്യാറാണ്. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ 10 വർഷമായി ഗാന്ധി കുടുംബത്തെ അധിക്ഷേപിക്കുക മാത്രമാണ് ചെയ്‌തത്.'-ഖാർഗെ പറഞ്ഞു.