കാസർകോട്: കണ്ണൂര്‍ അഴീക്കല്‍ കടപ്പുറത്തു നിന്ന് മീന്‍ പിടുത്തത്തിന് പോയ രൂപേഷിനും സംഘത്തിനും ഇന്നലേയും അദ്ഭുതമായിരുന്നു. "ഓരോ ദിവസവും കടലിലേക്ക് പോകുന്നത് ഇന്ന് എന്തായിരിക്കും കിട്ടുക എന്ന് ഉറപ്പില്ലാതെയാണ്. എന്നാല്‍ ഇതിപ്പോള്‍ തുടര്‍ച്ചയായി നൂറുദിവസത്തിലേറെയായി. എപ്പോഴും വലനിറയെ മീനാണ്. അതും കടലില്‍ ഏറെയൊന്നും ഉള്ളിലേക്ക് പോകാതെ തന്നെ."
രൂപേഷിനു മാത്രമല്ല കണ്ണൂരിലെ അഴീക്കലിലും ആയിക്കരയിലും കാസര്‍ഗോട്ടെ നീലേശ്വരത്തും കാസര്‍ഗോട്ടും കോഴിക്കോട്ടെ ചോമ്പാലും പുതിയാപ്പയിലുമൊക്കെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളത് ഇതേക്കുറിച്ചു തന്നെ.
"കടലിലേക്ക് പോയാൽ മത്സ്യം ലഭിക്കുമോ എന്ന ആശങ്കയിൽ വള്ളമെടുത്തിറങ്ങുന്ന ഞങ്ങളെ കാത്തിരുന്നത് കൈനിറയെ കോരാനുള്ള അയലയും മത്തിയുമാണ്. തീരത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലം പിന്നിട്ടപ്പോൾ തന്നെ കടലിൽ നിറയെ മീൻകൂട്ടങ്ങൾ കാണാൻ സാധിച്ചു. പിന്നീട് വല വീശിയെറിഞ്ഞ് വള്ളം നിറയെ മീൻ നിറച്ചു. വള്ളവും മനസും നിറഞ്ഞാണ് ഞങ്ങൾ മടങ്ങിയത്" രൂപേഷ് പറയുന്നു.
വള്ളം നിറയേ മീന്‍ കിട്ടുന്നുണ്ടെങ്കിലും സംസ്ഥാനത്തെ മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശ്വസിക്കാന്‍ വക ഏറെയില്ല. സംസ്ഥാനത്തിന്‍റെ വിവിധ തീരങ്ങളിൽ വൻചാകര ആയതിനാൽ തന്നെ മത്സ്യവില ഇപ്പോൾ ഇടിയുകയാണ്.പിടിക്കുന്ന മീനിന്‍റെ അളവിനൊത്ത് വരുമാനമില്ല. ജനുവരി പകുതി വരെ മത്തിയും അയലയും വേളൂരിയും ഇതേ പോലെ ലഭിക്കുമെന്നാണ് പ്രതീക്ഷ. അത് കഴിഞ്ഞാൽ കാറ്റ് മാറി തുടങ്ങും. ഇതിനെ കച്ചാ എന്നാണ് പറയുന്നത്.
"മകര കച്ചയിൽ ചൂട് കാറ്റ് എത്തുന്നതു വരെ തീരത്തോടടുത്ത് മല്‍സ്യങ്ങള്‍ പുളച്ചു മദിക്കും. ആദ്യം വന്നത് ചെമ്മീന്‍ കൂട്ടമായിരുന്നു. ചെമ്മീന്‍ ചാകരയെത്തുടര്‍ന്ന് മത്തി ,അയല, വേളൂരി ചാകരയും വന്നു.അത് ഇപ്പോഴും തുടരുകയാണ്.വൃശ്ചികവും ധനുവും കഴിഞ്ഞ് മകരം വരെ ഇതേ അവസ്ഥ തുടര്‍ന്നേക്കും.മകര കച്ചയില്‍ ചൂടുകാറ്റ് വീശിത്തുടങ്ങിയാല്‍ പിന്നെ മത്സ്യം കുറയും" മുതിര്‍ന്ന മല്‍സ്യത്തൊഴിലാളിയായ രാധാകൃഷ്‌ണന്‍ വിശദീകരിച്ചു.
മാസങ്ങൾക്ക് മുമ്പ് 350 രൂപയിൽ എത്തിയ മത്തി മീനുകളിലെ സൂപ്പര്‍ സ്റ്റാറായിരുന്നു. എന്നാല്‍ ചാകര എത്തിയതോടെ ഇന്നലെ പല മാർക്കറ്റുകളിലും 40-60 വരെയാണ് കിലോ മത്തിക്ക് വില. പല ഹാർബറിലും 20 രൂപയ്ക്കാണ് മത്തി വിറ്റുപോയത്. 80 കിലോ ഉള്ള ഒരു ബോക്‌സിന്‍റെ വില 800 രൂപ വരെ എത്തി. മത്സ്യം ഇഷ്‌ടം പോലെ ഉണ്ടെങ്കിലും വേണ്ടത്ര വില ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളിയായ രൂപേഷ് പറഞ്ഞു.
രാവിലെയും വൈകിട്ടും കടലിൽ പോകാറുണ്ട്. നല്ല കാലാവസ്ഥയാണ് കടലിൽ ഇപ്പോൾ. ചെറിയ മത്തി ധാരാളം ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചിലപ്പോൾ കരയിൽ നിന്നും മൂന്ന് കിലോമീറ്റർ പോയാൽ തന്നെ വള്ളം നിറയെ മത്സ്യം കിട്ടുമെന്നും രൂപേഷ് പറഞ്ഞു.