മലപ്പുറം: അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചതില്‍ പ്രതിഷേധിക്കേണ്ടതില്ലെന്ന മുസ്‌ലിം ലീഗ് (ഐയുഎംഎൽ) അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രസ്‌താവന വിവാദത്തിൽ. പുതിയ ക്ഷേത്രവും നിർദിഷ്‌ട മസ്‌ജിദും രാജ്യത്തെ മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്നും, രാമക്ഷേത്രം രാജ്യത്തെ ഭൂരിപക്ഷത്തിന്‍റെ വിശ്വാസത്തിന്‍റെ ഭാഗമാണെന്നുമാണ് തങ്ങൾ പറഞ്ഞത്. അതിൽ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പൊതുവേദിയിൽ പറഞ്ഞു (Sadiq Ali Thangals Ayodhya Remarks Get Controversial).
ബാബറി മസ്‌ജിദ് തകർത്തതിൽ അക്കാലത്ത് നമുക്ക് പ്രതിഷേധമുണ്ടായിരുന്നു. അതിനെ സഹിഷ്‌ണുതയോടെ നേരിടാൻ ഇന്ത്യയിലെ മുസ്‌ലീങ്ങൾക്ക് കഴിഞ്ഞു. മുസ്‌ലീങ്ങൾ സെൻസിറ്റീവായും ഊർജസ്വലമായും ജീവിക്കുന്ന കേരളമാണ് സഹിഷ്‌ണുതയുടെ മാതൃക രാജ്യത്തിന് കാണിച്ചുകൊടുത്തത്. തകർത്തത് അയോധ്യയിലെ ബാബറി മസ്‌ജിദാണെങ്കിലും രാജ്യം ഉറ്റുനോക്കിയത് കേരളത്തിലേക്കാണ്. അയോധ്യയിൽ കർസേവകരും ഭീകരവാദികളും അസഹിഷ്‌ണുതയുടെ കതിന പൊട്ടിച്ചപ്പോൾ കേരളത്തിൽ സമാധാനത്തിന്‍റെ പൂത്തിരി കത്തുന്നുണ്ടോ എന്നാണ് രാജ്യം ഉറ്റുനോക്കിയതെന്നും ശിഹാബ് തങ്ങൾ പറഞ്ഞു.
അതേസമയം സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രസ്‌താവനക്കെതിരെ ഐഎൻഎൽ അടക്കമുള്ള സംഘടനകൾ രൂക്ഷ വിമർശനം ഉന്നയിച്ചു. ഗാന്ധിജിയുടെ രാമ രാജ്യമല്ല ആർഎസ്എസിന്‍റേതെന്ന് ഐഎൻഎൽ നേതാവ് അബ്‌ദുള്‍ അസീസ് ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു. രാഷ്ട്രീയ നേതാക്കന്മാര്‍ ഇത് അറിയാത്തവരല്ല. എന്നിട്ടും ലീഗ് നേതാക്കള്‍ അണികളെ മണ്ടന്മാരാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു (INL Criticize Sadiq Ali Thangal).