പത്തനംതിട്ട:തുലാമാസ പൂജകൾക്കായി നാളെ (ഒക്‌ടോബർ 15) ശബരിമല നട തുറക്കും. തന്ത്രി കണ്ഡരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി ഒക്‌ടോബർ 21-ന് നട അടക്കും. ശബരിമലയിൽ ഇത്തവണ സ്പോട്ട് ബുക്കിങ് ഒഴിവാക്കി പൂർണമായും വെര്‍ച്വൽ ക്യൂ സംവിധാനം കൊണ്ട് വന്നിരിക്കുകയാണ് ദേവസ്വം ബോർഡ്. ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രമേ ശബരിമല ദർശനം സാധ്യമാകൂ.
വെര്‍ച്വൽ ബുക്കിങ് നടപടിക്രമങ്ങൾ
sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ശബരിമല ദർശനം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ കഴിയുക. ഇതിനായി ഈ വെബ്സൈറ്റില്‍ മൊബൈല്‍ നമ്പറോ ഇമെയില്‍ ഐഡിയോ ഉപയോഗിച്ച് ആദ്യം രജിസ്‌റ്റര്‍ ചെയ്യണം. ആധാര്‍, പാസ്‌പോര്‍ട്ട്, വോട്ടർ ഐഡി എന്നിവയിൽ ഏതെങ്കിലും ഐഡി രജിസ്‌ട്രേഷന് ഉപയോഗിക്കാം. രജിസ്‌ട്രേഷൻ പൂർത്തിയായാൽ ശബരിമല ദര്‍ശനത്തിനുള്ള ദിവസവും സമയവും തെരഞ്ഞെടുക്കാം.
ദര്‍ശന സമയം തെരഞ്ഞെടുത്ത ശേഷം ആവശ്യമെങ്കില്‍ അപ്പം, അരവണ, മഞ്ഞള്‍, കുങ്കുമം, നെയ്യ് തുടങ്ങിയ പ്രസാദവും ഓൺലൈനായി ബുക്ക് ചെയ്യാൻ ഓപ്ഷൻ ഉണ്ട്. ബുക്കിങ് പൂർത്തിയായാൽ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറിലോ മെയിലിലോ കൺഫർമേഷൻ ലഭിക്കും. കൺഫർമേഷൻ ലഭിച്ചാൽ ബുക്കിങ് പാസ് ഡൗൺലോഡ് ചെയ്‌ത് മൊബൈൽ ഫോണിൽ സേവ് ചെയ്തോ പ്രിന്‍റ് എടുത്തോ സൂക്ഷിക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക