ന്യൂഡല്‍ഹി: പാര്‍ലമെന്‍റംഗങ്ങള്‍ വിശ്വാസ്യത പുലര്‍ത്തണമെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍. ഇവരെ എന്തിനാണ് പാര്‍ലമെന്‍റിലേക്ക് അയച്ചതെന്ന് ഓര്‍മ്മിപ്പിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി തടസപ്പെട്ടത് മൂലം പാര്‍ലമെന്‍റ് സമ്മേളനം നിഷ്‌ഫലമായത് ചൂണ്ടിക്കാട്ടിയായിരുന്നു ചൗധരി ചരണ്‍സിങ് പുരസ്‌കാരദാന വേദിയില്‍ രാജ്യസഭാധ്യക്ഷന്‍ കൂടിയായ ധന്‍കറിന്‍റെ പരാമര്‍ശങ്ങള്‍.
ഏതൊരു ജനാധിപത്യവും വിജയിക്കണമെങ്കില്‍ ഇരുവശത്തും ഉത്തരവാദിത്തത്തോടെയുള്ള അഭിപ്രായ പ്രകടനങ്ങളും ചര്‍ച്ചകളും കൈകോര്‍ത്ത് മുന്നോട്ട് പോകണം. പിഴവുകള്‍ പറ്റരുത്. ഇവരെയെന്തിനാണ് പാര്‍ലമെന്‍റിലേക്ക് അയച്ചതെന്ന് ജനങ്ങളെക്കൊണ്ട് ചിന്തിപ്പിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാക്കുമെന്നും അദ്ദേഹം പാര്‍ലമെന്‍റംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ക്രമക്കേടുകള്‍ ഇപ്പോള്‍ ആളുകള്‍ ക്രമമായി അംഗീകരിച്ച് തുടങ്ങിയിരിക്കുന്നു. ആളുകള്‍ക്ക് ഇതിനോടൊക്കെ ഒരു മടുപ്പായി തുടങ്ങിയിട്ടുണ്ട്. ജനങ്ങള്‍ അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ധന്‍കര്‍ പറഞ്ഞു.
കൃഷിയാണ് ഗ്രാമീണ വികസനത്തിന്‍റെ നട്ടെല്ലെന്നും ഉപരാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. കാര്‍ഷികരംഗത്ത് വികസനമുണ്ടാകാതെ ഗ്രാമീണ മേഖലയ്ക്ക് മാറ്റമുണ്ടാകില്ല. ഗ്രാമീണമേഖലയില്‍ മാറ്റമുണ്ടാകാതെ നമുക്ക് വികസിത രാഷ്‌ട്രമെന്ന സ്വപ്‌നത്തിലേക്ക് എത്തിച്ചേരാനാകില്ലെന്നും ഉപരാഷ്‌ട്രപതി വ്യക്‌തമാക്കി. 2047ഓടെ ഇന്ത്യ വികസിത രാജ്യമാകണമെങ്കില്‍ നമ്മുടെ വരുമാനം എട്ട് മടങ്ങ് വര്‍ദ്ധിക്കേണ്ടതുണ്ട്. അതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്രാമീണ സമ്പദ്ഘടനയെ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും ധന്‍കര്‍ എടുത്തുകാട്ടി. കാര്‍ഷികോത്പന്നങ്ങളാണ് നമ്മുടെ ഏറ്റവും വലിയ വിപണി. കാര്‍ഷിക സമൂഹം ഇതില്‍ വ്യാപൃതരായിരിക്കുന്നു. സാമ്പത്തിക വികസനത്തിന്‍റെ എന്‍ജിനായി കാര്‍ഷികമേഖലയ്ക്ക് സര്‍ക്കാരുകള്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി, ഗ്രാമീണ വികസനം, മാധ്യമപ്രവര്‍ത്തനം എന്നീ രംഗങ്ങളിലെ സംഭാവനകള്‍ക്കാണ് ചൗധരി ചരണ്‍സിങ് പുരസ്‌കാരം നല്‍കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നീരജ ചൗധരി, ഇന്ത്യയിലെ ജലമനുഷ്യന്‍ എന്നറിയപ്പെടുന്ന രാജേന്ദ്രസിങ്, ഫിറോസ് ഹുസൈന്‍, പ്രീതം സിങ് എന്നിവരാണ് ഇക്കൊല്ലത്തെ പുരസ്‌കാരത്തിന് അര്‍ഹരായവര്‍.
കഴിഞ്ഞ ദിവസം നടന്ന പുരസ്‌കാരദാന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്രപ്രധാന്‍, ജയന്ത് ചൗധരി എന്നിവരും പങ്കെടുത്തു. പരിപാടി ഉദ്ഘാടനം ചെയ്യവേ ചരണ്‍ സിങിന്‍റെ പാരമ്പര്യത്തെക്കുറിച്ച് പ്രധാന്‍ വാചാലനായി. ഇന്ത്യയിലെ കര്‍ഷകരുടെയും ഗ്രാമീണ സമൂഹങ്ങളുടെയും ഉദ്ധാരണത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്നവരെ അദ്ദേഹം ഇന്നും പ്രചോദിപ്പിക്കുന്നു.
ചരണ്‍ സിങിന്‍റെ കാഴ്‌ചപ്പാടുകളാണ് മോദി സര്‍ക്കാരിന്‍റെ നയങ്ങളില്‍ പ്രതിഫലിക്കുന്നതെന്നും ചൗധരി പറഞ്ഞു. സംഭരണ വില, കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളല്‍, ഭൂപരിഷ്ക്കരണം, ഭൂമിയില്ലാത്തവരെ ഉദ്ധരിക്കല്‍ തുടങ്ങിയ അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: അമിത് ഷായുടെ പരാമര്‍ശം; രാജ്യ വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്