കേരളം

kerala

ETV Bharat / state

ശബരിമല ദര്‍ശനത്തിനെത്തിയത് 23,44,490 പേര്‍; തങ്ക അങ്കി ഘോഷയാത്ര 25ന്, സമയക്രമം പാലിക്കാന്‍ ഭക്തര്‍ക്ക് നിര്‍ദേശം - SABARIMALA NEWS UPDATES

ശബരിമലയില്‍ ഇത്തവണ ഭക്ത ജനത്തിരക്കേറെ. ആറന്മുള ക്ഷേത്രത്തിൽ നിന്നുള്ള തങ്ക അങ്കി ഘോഷയാത്ര 25ന്. ഡിസംബര്‍ 25, 26 ദിവസങ്ങളില്‍ ഭക്തര്‍ വെർച്വൽ ക്യൂ ബുക്കിങ് സമയം കർശനമായി പാലിക്കാനും നിര്‍ദേശം.

ശബരിമല വാര്‍ത്തകള്‍  ശബരിമലയില്‍ തങ്ക അങ്കി 25ന്  SABARIMALA BOOKING NEWS  SABARIMALA NEWS UPDATES
Sabarimala (ETV Bharat)

By ETV Bharat Kerala Team

Published : 11 hours ago

പത്തനംതിട്ട: ശബരിമല തീർഥാടനം ആരംഭിച്ച നവംബർ 15 മുതൽ ഡിസംബർ 15 വരെ 23,44,490 അയ്യപ്പഭക്തർ ദർശനം നടത്തിയതായി കണക്കുകൾ. മുൻവർഷം ഇതേ കാലയളവിൽ 19,03,321 ഭക്തരാണ് ദർശനത്തിനെത്തിയത്. ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിങ് സമയം പാലിക്കാതെ ഭക്തർ ദർശനത്തിന് എത്തുന്നത് തിരക്ക് നിയന്ത്രണത്തിന് ബുദ്ധിമുട്ട് സൃഷ്‌ടിക്കാറുണ്ട്.

വെർച്വൽ ക്യൂ സ്ലോട്ടിൽ രേഖപ്പെടുത്തിയിട്ടുളള സമയക്രമം പാലിച്ചെത്തിയാൽ അനാവശ്യ തിരക്ക് ഒഴിവാക്കാനും സുഗമമായ ദർശനം സാധ്യമാക്കാനും കഴിയും. ഡിസംബർ 22ന് ആറന്മുള ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന തങ്ക അങ്കി ഘോഷയാത്ര 25ന് സന്നിധാനത്ത് എത്തിച്ചേരും. ഇതുമായി ബന്ധപ്പെട്ട പ്രത്യേക ചടങ്ങുകൾ ഉളളതിനാൽ 25, 26 തീയതികളിൽ തിരക്ക് ഒഴിവാക്കാനായി വെർച്വൽ ക്യൂ ബുക്കിങ് സമയം കർശനമായും പാലിക്കുവാൻ ഭക്തർ ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ പൊലീസ് അറിയിച്ചു.

Sabarimal (ETV Bharat)

സംസ്ഥാനത്തുള്ളവർക്ക് തീർച്ചയായും ഇത് പാലിക്കാൻ കഴിയുമെന്നും ഇതര സംസ്ഥാനത്ത് നിന്നുള്ളവർക്ക് ഒരുപരിധിവരെ ബുക്കിങ്ങിന്‍റെ സമയക്രമം പാലിക്കാൻ സാധിക്കുമെന്നുമാണ് ജില്ലാ പൊലീസിന്‍റെ വിലയിരുത്തൽ. ദർശനത്തിന് എത്തുന്നവർ വെർച്വൽ ക്യൂവിൽ ബുക്ക്‌ ചെയ്യുന്നത് നിർബന്ധമാണ്. സ്പോട് ബുക്കിങ് 10,000 ആയി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ചില ദിവസങ്ങളിൽ അതിൽ കൂടുതൽ ആളുകൾ എത്തുന്നുണ്ട്.

നിലവിലെ വെർച്വൽ ക്യൂ ബുക്കിങ് പരിധിയായ 70000ൽ മുഴുവൻ ആളുകളും വരുന്നില്ല എന്നതിനാൽ സ്പോട് ബുക്കിങ് പരിധിയിലധികമായി വരുന്ന ഭക്തർക്കും നിലവിൽ തടസമില്ലാതെ ദർശനം നടത്താൻ സാധിക്കുന്നുണ്ട്. ദിവസം കഴിയുന്തോറും തീർഥാടകരുടെ എണ്ണം വർധിക്കുകയാണ്. തങ്ക അങ്കി ഘോഷയാത്ര ഉൾപ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട് ഭക്തർ അറിയേണ്ട വസ്‌തുതകളും അവശ്യവിവരങ്ങളും ഉളളടക്കം ചെയ്‌ത് ജില്ലാ പൊലീസ് തയ്യാറാക്കിയ ‘ശബരിമല പൊലീസ് ഗൈഡ്’ എന്ന പോർട്ടൽ ക്യു.ആർ കോഡ് ആയി ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളിൽ പതിപ്പിച്ചിട്ടുണ്ട്.

Sabarimala (ETV Bharat)

നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട വിശദ വിവരം ഭക്തരുടെ അറിവിലേക്കായി ക്യു.ആർ കോഡ് ആയി വിവിധ സ്ഥലങ്ങളിൽ പതിപ്പിച്ചിട്ടുണ്ട്. കൂടാതെ പത്തനംതിട്ട ജില്ലാ ഭരണകൂടം ആരംഭിച്ച ‘സ്വാമി’ ചാറ്റ്ബോട്ട് സംവിധാനം 6238008000 എന്ന നമ്പരിലേക്ക് വാട്‌സ്‌ ആപ്പ് സന്ദേശം അയച്ച് പ്രയോജനപ്പെടുത്താവുന്നതുമാണ്. അടിയന്തര മെഡിക്കൽ സഹായം, ക്ഷേത്ര പൂജാ സമയം, കെഎസ്ആർടിസി ബസ് ഷെഡ്യൂളുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഈ സംവിധാനം വഴി ഭക്തർക്ക് ലഭ്യമാണ്.

Sabarimala (ETV Bharat)

ശബരിമല തീർഥാടനത്തിന് എത്തുന്ന ഭക്തർ ചെയ്യേണ്ട കാര്യങ്ങൾ :

  • മല കയറുമ്പോള്‍ 10 മിനിറ്റ് നടത്തത്തിന് ശേഷം 5 മിനിറ്റ് വിശ്രമിക്കുക.
  • സന്നിധാനത്തിലെത്താന്‍ പരമ്പരാഗത പാതയായ മരക്കൂട്ടം, ശരംകുത്തി, നടപ്പന്തല്‍ വഴി ഉപയോഗിക്കുക.
  • പതിനെട്ടാംപടിയില്‍ എത്താന്‍ ക്യൂ പാലിക്കുക.
  • മടക്കയാത്രക്കായി നടപ്പന്തല്‍ മേല്‍പ്പാലം‍ ഉപയോഗിക്കുക.
  • പമ്പ മുതൽ സന്നിധാനം വരെയുള്ള കാനനപാതയിൽ മലമൂത്രവിസര്‍ജനത്തിന് ബയോ ടോയ്‌ലെറ്റുകൾ ഉപയോഗിക്കുക.
  • പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് തിരക്കിന്‍റെ സ്ഥിതി മനസിലാക്കാന്‍ ശ്രമിക്കുക.
  • ഡോളി ഉപയോഗിക്കുമ്പോള്‍ ദേവസ്വം കൗണ്ടറില്‍ മാത്രം തുക നല്‍കി രസീത് സൂക്ഷിക്കുക.
  • സുരക്ഷാപരിശോധനകള്‍ നടത്തുന്ന കേന്ദ്രങ്ങളില്‍ സ്വയം പരിശോധനകള്‍ക്ക് വിധേയരാവുക.
  • ഏത് സഹായത്തിനും പൊലീസിനെ സമീപിക്കുക.
  • പൊലീസിന്‍റെ ടോൾ ഫ്രീ നമ്പരായ 14432ൽ വിളിക്കാവുന്നതാണ്.
  • സംശയാസ്‌പദമായ എന്തെങ്കിലും കണ്ടാല്‍ പൊലീസിനെ അറിയിക്കുക.
  • ലൈസന്‍സുള്ള കടകളില്‍ നിന്നു മാത്രം ഭക്ഷ്യവിഭവങ്ങള്‍ വാങ്ങുക.
  • പമ്പയും സന്നിധാനവും മല കയറുന്ന വഴിയും വൃത്തിയായി സൂക്ഷിക്കുക.
  • അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക.
  • മാലിന്യങ്ങള്‍ വെയ്സ്റ്റു ബോക്‌സുകളില്‍ മാത്രം നിക്ഷേപിക്കുക.
  • ഓക്‌സിജന്‍ പാര്‍ലറുകളിലെയും മെഡിക്കല്‍ സെന്‍ററുകളിലെയും സൗകര്യങ്ങള്‍ ആവശ്യാനുസരണം പ്രയോജനപ്പെടുത്തുക.
  • തിരക്കുള്ള സമയങ്ങളിൽ മണികണ്‌ഠനയ്യപ്പൻമാരുടെയും കൊച്ചുമാളികപ്പുറങ്ങളുടെയും പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തിയ തിരിച്ചറിയല്‍ ബാന്‍ഡുകൾ പമ്പ കണ്‍ട്രോള്‍ റൂമിൽ നിന്നും ലഭ്യമാക്കി കൈകളിൽ ധരിക്കുക.
  • കൂട്ടം തെറ്റിപ്പോകുന്നവര്‍ പൊലീസ് എയ്‌ഡ് പോസ്റ്റുകളുടെ സഹായം തേടുക.
    പണം, മൊബൈൽ ഫോൺ, മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കൾ നഷ്‌ടപ്പെടാതെ സൂക്ഷിക്കേണ്ടതാണ്.
  • മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടാൽ പമ്പ / സന്നിധാനം പൊലീസ് സ്റ്റേഷനുകളുമായി അടിയന്തരമായി ബന്ധപ്പെടുക.

ചെയ്യാന്‍ പാടില്ലാത്തത്:

  • സോപാനത്തും പരിസരത്തും കൊടിമരത്തിന്‍റെ ഭാഗങ്ങളിലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും നിരോധിച്ചിട്ടുള്ളതാണ്.
  • പമ്പ, സന്നിധാനം, കാനനപാത തുടങ്ങിയ സ്ഥലങ്ങളില്‍ പുകവലിക്കരുത്.
  • മദ്യവും ലഹരിവസ്‌തുക്കളും ഉപയോഗിക്കരുത്.
  • ക്യൂ ചാടിക്കടക്കാന്‍ ശ്രമിക്കരുത്.
  • ക്യൂവില്‍ നില്‍ക്കുമ്പോള്‍ തിരക്ക് കൂട്ടരുത്.
  • ആയുധങ്ങളോ സ്ഫോടന വസ്‌തുക്കളോ കൈവശം വയ്ക്കരുത്.
  • അനധികൃത കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കാതിരിക്കുക.
  • വഴിയരികില്‍ മലമൂത്രവിസര്‍ജനം നടത്താതിരിക്കുക.
  • സേവനങ്ങള്‍ക്ക് അധിക തുക നല്‍കാതിരിക്കുക.
  • സഹായങ്ങള്‍ക്ക് പൊലീസിന്‍റെ സഹായം തേടാന്‍ മടിക്കരുത്.
  • മലിന്യങ്ങള്‍ വെയ്സ്റ്റ് ബിന്നിലല്ലാതെ മറ്റൊരിടത്തും വലിച്ചെറിയാതിരിക്കുക.
  • പതിനെട്ടാംപടിയില്‍ തേങ്ങയുടയ്ക്കരുത്.
  • പതിനെട്ടാംപടിയുടെ ഇരുവശത്തുമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലല്ലാതെ മറ്റൊരിടത്തും തേങ്ങയുടയ്ക്കരുത്.
  • പതിനെട്ടാംപടിയില്‍ മുട്ടുകുത്തി കയറാതിരിക്കുക.
  • നടപ്പന്തല്‍ മേല്‍പ്പാലം അല്ലാതെ മറ്റൊരു വഴിയും മടക്കയാത്രയ്ക്ക് തെരഞ്ഞെടുക്കരുത്.
  • സന്നിധാനത്തെ തിരുമുറ്റത്തോ തന്ത്രിനടയിലോ വിശ്രമിക്കാതിരിക്കുക.
  • വിരിവയ്ക്കാനുള്ള സ്ഥലങ്ങളായ നടപ്പന്തലും താഴത്തെ തിരുമുറ്റവും നടപ്പാതയായി ഉപയോഗിക്കാതിരിക്കുക.
Also Read
  1. ശബരിമല മണ്ഡലകാല പൂജ: തീര്‍ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ണം, എൻഡിആർഎഫ് സംഘം സന്നിധാനത്തേക്ക്
  2. അപ്പവും അരവണയും സ്‌റ്റോക്കുണ്ട്, ഭക്തര്‍ക്ക് ആശങ്ക വേണ്ട; എക്‌സിക്യൂട്ടീവ് ഓഫിസർ ബി മുരാരി
  3. 'മണി പ്ലാന്‍റ് വെക്കേണ്ട സ്ഥലത്ത് വെച്ചാൽ സമ്പത്ത് കുമിഞ്ഞുകൂടും'; വാസ്‌തു വിദഗ്‌ധന്‍ പറയുന്നതിങ്ങനെ

ABOUT THE AUTHOR

...view details