തൃശൂർ: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ പട്ടാപ്പകല്‍ കവര്‍ച്ച. ജീവനക്കാരെ ബന്ദികളാക്കിയാണ് മോഷ്‌ടാവ് പണം കവര്‍ന്നത്. മോഷണ സമയത്ത് മാനേജരും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍ ഉണ്ടായിരുന്നത്. ജാക്കറ്റും ഹെൽമെറ്റും ധരിച്ച് ഇരുചക്രവാഹനത്തിയാണ് ഇയാള്‍ കവർച്ച നടത്തിയത്.
ഉച്ച സമയമായതിനാല്‍ മറ്റുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. ഈ സമയത്ത് മോഷ്‌ടാവ് ബാങ്കിനുള്ളിൽ പ്രവേശിക്കുകയും മാനേജരെയും മറ്റൊരു ജീവനക്കാരനെയും കത്തികാണിച്ച് ഭീഷണിപ്പെടുത്തി ടോയ്‌ലറ്റിനുള്ളില്‍ പൂട്ടിയിട്ട ശേഷം കവർച്ച നടത്തുകയും ചെയ്‌തുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ക്യാഷ് കൗണ്ടര്‍ കസേരകൊണ്ട് അടിച്ചു തകര്‍ത്താണ് പണം കവര്‍ന്നത്. സംഭവത്തിൽ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
'2 മണി മുതല്‍ 2.30 വരെയാണ് ബാങ്കില്‍ ലഞ്ച് ടൈം. 2.12 നാണ് മോഷ്‌ടാവ് വന്നത്. പ്യൂണ്‍ മാത്രമാണ് ആ സമയം പുറത്ത് കൗണ്ടറിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ ഡൈനിങ് ഹാളില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. ഒരു കറിക്കത്തി മോഷ്‌ടാവിന്‍റെ കൈയിലുണ്ടായിരുന്നു. അത് കാട്ടി പ്യൂണിനെ ഭീഷണിപ്പെടുത്തി. സ്‌കൂട്ടര്‍ പുറത്തു നിര്‍ത്തി.
ബാങ്കില്‍ നല്ല പരിചയമുള്ള പോലെയാണ് വന്നത്. ലഞ്ച് സമയം മനസിലാക്കി കൃത്യമായി വന്നു. 47 ലക്ഷം രൂപ ക്യാഷ് കൗണ്ടറിലുണ്ടായിരുന്നു. അതില്‍ 3 ബണ്ടില്‍ മാത്രമാണ് എടുത്തത്. ആകെ മൂന്നു മിനുട്ടില്‍ താഴെ സമയമാണ് ബാങ്കിനകത്ത് ചെലവഴിച്ചത്. നഷ്‌ടമായത് 15 ലക്ഷം രൂപയാണെന്ന് വ്യക്തമായിട്ടുണ്ട്.
മോഷ്‌ടാവ് എങ്ങോട്ടു പോയി എന്ന് സൂചന കിട്ടിയിട്ടുണ്ട്. വണ്ടിയെക്കുറിച്ച് അറിവുണ്ട്. പോയ റൂട്ടിനെക്കുറിച്ച് വിവരം കിട്ടി. ബാങ്കിലെത്തിയത് ഒറ്റക്കാണെങ്കിലും മറ്റുള്ളവരുടെ സഹായം ഇല്ലെന്ന് പറയാനാവില്ല. എന്തു വന്നാലും പ്രതിയെ പിടിക്കും. ഹിന്ദി സംസാരിച്ചതു കൊണ്ട് ഹിന്ദിക്കാരനാണെന്ന് പറയാനാവില്ല' തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് സുപ്രണ്ട് ബി കൃഷ്‌ണകുമാര്‍ പറഞ്ഞു.
ക്യാഷ് കൗണ്ടറില്‍ കൂടുതല്‍ പണം ഉണ്ടായിട്ടും എന്തു കൊണ്ട് മൂന്ന് ബണ്ടില്‍ മാത്രം എടുത്തു എന്നത് സംശയം ജനിപ്പിക്കുന്നു. പോയ വഴി കൃത്യമായി മനസിലാക്കിയിട്ടുണ്ടെന്നും പ്രതിയെക്കുറിച്ചുള്ള സൂചനകളുണ്ടെന്നും പൊലീസ് അറിയിക്കുന്നു.