ഇരുപതേക്കർ - തൊവരയാർ റോഡ് ഇടുക്കി :റോഡിന്‍റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ. ഇരുപതേക്കർ -തൊവരയാർ റോഡിന്‍റെ വർഷങ്ങളായിട്ടുള്ള ദുരവസ്ഥയ്‌ക്കെതിരെയാണ് പ്രദേശവാസികൾ രംഗത്തെത്തിയത്. കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിലുള്ള ഇരുപതേക്കർ - തൊവരയാർ റോഡ് ആണ് വർഷങ്ങളായി ശോച്യാവസ്ഥയിൽ കിടക്കുന്നത്.
15 വർഷമായി റോഡ് തകർന്ന് യാത്രാക്ലേശം അനുഭവിക്കുകയാണ് പ്രദേശവാസികള്‍. നിരവധി പ്രതിഷേധങ്ങൾ ഉയർന്നതോടെ മന്ത്രി റോഷി അഗസ്റ്റിൻ 25 ലക്ഷവും നഗരസഭ അംഗം 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാൽ വാഗ്‌ദാനങ്ങൾ അല്ലാതെ റോഡ് നിർമാണം യാഥാർഥ്യത്തിലേക്ക് എത്തിയില്ല എന്നാണ് ആക്ഷേപം.
റോഡിലെ കുഴികളുടെ എണ്ണം വർധിച്ചതോടെ പ്രദേശവാസികൾ പിരിവിട്ട് മണ്ണിട്ട് നികത്തിയെങ്കിലും നിലവില്‍ യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്. പൊടി ശല്യത്തിൽ ആശുപത്രിയിൽ ആയിരങ്ങൾ ചെലവഴിക്കേണ്ട അവസ്ഥയാണെന്ന് യാത്രക്കാരും പ്രദേശവാസികളും പറയുന്നു. റോഡ് നവീകരണം വാഗ്‌ദാനങ്ങളില്‍ മാത്രം ഒതുങ്ങുന്നു എന്നാരോപിച്ചാണ് പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയത്.
നഗരസഭയിലെ മറ്റ് വിവിധ റോഡുകൾ നവീകരിക്കുമ്പോഴും ഈ പാതയോട് അധികൃതർ അവഗണന കാണിക്കുന്നു എന്നും ആക്ഷേപം ഉണ്ട്. കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്ന എളുപ്പമാർഗം കൂടിയാണിത്. എന്നാൽ നഗരസഭയുടെയും മറ്റ് അധികൃതരുടെയും ഭാഗത്തുനിന്ന് വാഗ്‌ദാനങ്ങൾ അല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ല. ഇതോടെ കാൽനട യാത്രക്കാരും ഏറെ ക്ലേശം സഹിക്കുകയാണ്.
ഓട്ടോറിക്ഷ ടാക്‌സി വാഹനങ്ങൾ പാടെ റോഡിനെ അവഗണിച്ചിരിക്കുകയാണ്. ഈ പാതയിലൂടെ യാത്ര ചെയ്‌താൽ വാഹനങ്ങൾക്ക് അടിയ്ക്കടി കേടുപാടുകൾ സംഭവിക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു എന്നാണ് ഡ്രൈവര്‍മാരുടെ പരാതി. കൂടാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും സ്ഥിരം കാഴ്‌ചയാണ്.
Also Read: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്ത് മാലിന്യ കൂമ്പാരം; പെറുതിമുട്ടി പ്രദേശവാസികള്‍, നടപടി വേണമെന്ന് ആവശ്യം - Waste Dumping Kochi Dhanushkodi NH
വിഷയത്തില്‍ പ്രതിഷേധിച്ച് റോഡില്‍ ഫ്ലക്‌സ് ബോര്‍ഡുകള്‍ നാട്ടുകാര്‍ സ്ഥാപിച്ചിട്ടുണ്ട്. ഒപ്പം റോഡിനോടുള്ള അവഗണന തുടരുന്ന സാഹചര്യത്തിൽ പാതയടച്ച് പ്രതിഷേധിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.