എറണാകുളം: കാസര്‍കോട് റിയാസ് മൗലവി വധക്കേസിൽ വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രതികളായ മൂന്ന് ആർഎസ്എസ് പ്രവര്‍ത്തകരെ വെറുതെ വിട്ട വിധിക്കെതിരെയാണ് സർക്കാരിന്‍റെ അപ്പീൽ. കൊലപാതകത്തില്‍ വിഷലിപ്‌ത വര്‍ഗീയതയുണ്ടെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്.
മതസൗഹാര്‍ദ്ദത്തെ ഉലച്ച കൊലപാതകമാണ് റിയാസ് മൗലവിയുടേത്. വിചാരണക്കോടതി വിധി നിയമ വിരുദ്ധവും അനുചിതവും നീതിന്യായ ബോധത്തെ ഞെട്ടിക്കുന്നതും ആണെന്ന് അപ്പീലിൽ പറയുന്നു. കൂടാതെ വിചാരണക്കോടതി വിധി ഒരു നിമിഷം പോലും നിലനില്‍ക്കരുതെന്നും എസ്‌പിയുടെ ടീം നടത്തിയത് വീഴ്‌ചയില്ലാത്ത അന്വേഷണമാണെന്നും സർക്കാരിന്‍റെ അപ്പീലിൽ പറയുന്നു.
സാക്ഷികള്‍ കളവ് പറഞ്ഞാലും സാഹചര്യത്തെളിവുകള്‍ കളവുപറയില്ലെന്നും സാക്ഷിമൊഴികള്‍ വിലയിരുത്തുന്നതില്‍ കോടതിക്ക് വീഴ്‌ച പറ്റിയെന്നും സർക്കാർ സൂചിപ്പിച്ചു. പ്രതികളെ വെറുതെവിട്ട കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നും സര്‍ക്കാര്‍ അപ്പീലിലൂടെ ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ അപ്പീല്‍ ഹൈക്കോടതി നാളെ പരിഗണിക്കും.