കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച ഷാരോൺ വധക്കേസിൽ കഴിഞ്ഞ ദിവസമാണ് വിധി വന്നത്. പ്രതിയായ ഗ്രീഷ്‌മയ്‌ക്ക് നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതി ജഡ്‌ജി എഎം ബഷീർ വധശിക്ഷ വിധിച്ചു. നിയമം എല്ലാവർക്കും ഒരുപോലെയെന്ന് വിധി തെളിയിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലിൽ ഈ വർഷം എത്തുന്ന ഒന്നാം നമ്പർ പ്രതിയാണ് ഗ്രീഷ്‌മ. 1 സി 2025 എസ്എസ് ഗ്രീഷ്‌മ എന്നാകും ഇനി ജയിൽ രേഖകളിലുണ്ടാവുക.
വധശിക്ഷ വിധിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിരവധിപേര്‍ വിധിയെ അനുകൂലിച്ച് രംഗത്തെത്തി. വധശിക്ഷയെ സ്വാഗതം ചെയ്‌ത് പലരും ഫേസ്‌ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റും പങ്കുവച്ചും. എന്നാല്‍, ജനങ്ങളുടെ വികാരത്തിന് അപ്പുറമാണ് ഇന്ത്യൻ നിയമ വ്യവസ്ഥയെന്ന് പല നിയമവിദഗ്‌ധരും അഭിപ്രായപ്പെടുന്നു. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള ഹൈക്കോടതി റിട്ടേര്‍ഡ് ജസ്‌റ്റിസ് കമാല്‍ പാഷ.
'ഗ്രീഷ്‌മയുടെ പ്രായം കണക്കിലെടുക്കുമ്പോള്‍ വധശിക്ഷയ്‌ക്ക് സാധ്യതയില്ല'
ഷാരോൺ വധക്കേസിൽ ഗ്രീഷ്‌മയെ വധശിക്ഷയ്‌ക്ക് വിധിച്ചത് ഹൈക്കോടതിയിൽ നിലനിൽക്കാൻ സാധ്യതയില്ലെന്നാണ് കമാൽ പാഷയുടെ പ്രതികരണം. നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതി ഗ്രീഷ്‌മയ്‌ക്ക് വിധിച്ചത് അധിക ശിക്ഷയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കാൻ കഴിയില്ലെന്നും പ്രതിയുടെ പ്രായവും മാനസാന്തരത്തിനുള്ള സാധ്യത കൂടി പരിഗണിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. നിരവധി പെൺകുട്ടികൾ നമ്മുടെ നാട്ടിൽ കൊല്ലപ്പെട്ടിട്ടുണ്ട്, അന്ന് ആരും വധശിക്ഷ വേണമെന്ന് പറഞ്ഞിട്ടില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. മാത്രമല്ല ഒരു പെൺകുട്ടി ഇങ്ങനെ ചെയ്‌തപ്പോൾ അത് പ്രശ്‌നമായെന്നും അദ്ദേഹം പറഞ്ഞു.
'ഒരു യുവാവ് പട്‌നയിൽ പോയി തോക്ക് കൊണ്ട് വന്ന് ഒരു പെൺകുട്ടിയെ കോളജ് പരിസരത്ത് വച്ച് കൊലപ്പെടുത്തി. അതിലൊന്നും ആർക്കും ഒരു പ്രശ്‌നവുമില്ല. അങ്ങനെ ഒരു പ്രശ്‌നം വരുമ്പോൾ അവന് 25 വയസേയുള്ളു, അല്ലെങ്കിൽ 26 വയസേയുള്ളു ചെറുപ്പമാണ് എന്നിങ്ങനെയുള്ള വാദങ്ങൾ വരും.
ഈ ഗ്രീഷ്‌മ എന്ന പെൺകുട്ടിക്ക് 24 വയസേ ഉള്ളു. പഠിക്കാൻ വളരെ മിടുക്കിയാണ് ആ പെൺകുട്ടി. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് 90 ശതമാനത്തിന് മുകളിൽ മാർക്കോടെയാണ് ആ കുട്ടി എംഎ ലിറ്ററേച്ചർ പാസായത്. അങ്ങനെയുള്ള ആ കുട്ടിക്ക് പ്രാക്‌ടിക്കൽ ലൈഫിൽ ഇങ്ങനെയൊരു അബദ്ധം പറ്റി. അതിന് ശേഷം ആ കുട്ടി വലിയൊരു ഭീഷണിയുടെ നിഴലിലായി. അതിനുശേഷം അതിനെ കോർണർ ചെയ്‌ത് ഞെരുക്കി അതിന് ഒരു മാർഗവും ഇല്ലാതാക്കി. ഒരു മാർഗവും ഇല്ലാതായപ്പോൾ ആ കുട്ടി ഇങ്ങനെ ചെയ്‌ത് പോയതാകാം' എന്ന് അദ്ദേഹം പറഞ്ഞു.
നമ്മൾ ഈ കൊലപാതകത്തെ ആ ഒരു രീതിയിൽ കണ്ടാൽ മതിയാകും. ആ കുട്ടിക്ക് രക്ഷപ്പെടാൻ വേറെ മാർഗം ഇല്ലാതായപ്പോൾ ആ കുട്ടി അങ്ങനെ ചെയ്‌തുപോയി. അതേസമയം താൻ ഒരു കൊലപാതകത്തെ പിന്തുണയ്‌ക്കുകയല്ല. ഒരാളെ കൊല്ലുന്നത് നല്ലതാണെന്ന് താൻ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഷാരോണും ഇതില്‍ പങ്കുണ്ട്'
ആ കൊല്ലപ്പെട്ട യുവാവിനും ഇതിൽ പങ്കുണ്ടെന്നും കമാൽ പാഷ പറഞ്ഞു. അവനെ വിശ്വസിച്ചല്ലേ ഈ പെൺകുട്ടി അവന്‍റെയൊപ്പം പോയത്. അത് മുതലെടുത്ത് അവൻ ആ കുട്ടിയുടെ ഫോട്ടോ എടുത്ത് പിന്നീട് ആ കുട്ടിയെ ഭീഷണിപ്പെടുത്തി, പിന്നീട് നിവർത്തിയില്ലാതെ ആ കുട്ടിക്ക് അവനെ കൊല്ലേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീഷ്‌മയ്ക്ക് നല്‍കിയ വധശിക്ഷ അധിക ശിക്ഷയാണ്. ഷാരോണിന്‍റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതായപ്പോള്‍ തനിക്ക് ആത്മഹത്യ ചെയ്യാനായി കലക്കിവച്ചതാണ് കഷായം എന്നാണ് ആ കുട്ടി പറഞ്ഞതെന്നും ഇനി ഉപദ്രവിച്ചാല്‍ ഇത് കുടിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞെന്നുമാണ് ഗ്രീഷ്‌മയുടെ മൊഴി.
അപ്പോള്‍ അത് വെറും കഷായമാണെന്ന് പറഞ്ഞ് അവനെടുത്ത് കുടിക്കുകയായിരുന്നുവെന്നും ഗ്രീഷ്‌മ മൊഴി നല്‍കിയതായി കമാല്‍ പാഷ പറഞ്ഞു. അതേസമയം കൊൽക്കത്തയിൽ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും ആ സംഭവത്തിൽ വധശിക്ഷ നൽകാത്തത് അതിശയിപ്പിച്ചുവെന്നും കമാൽ പാഷ വ്യക്തമാക്കി.
വധശിക്ഷ റദ്ദാക്കാന്‍ പ്രതിക്ക് മേല്‍ക്കോടതികളെ സമീപിക്കാം
കോടതി വധ ശിക്ഷ വിധിച്ചാലും അപ്പീലുമായി പ്രതിക്ക് മേല്‍കോടതികളെ സമീപിക്കാവുന്നതാണ്. സുപ്രീംകോടതി ഹര്‍ജി റദ്ദാക്കിയാല്‍ രാഷ്‌ട്രപതിക്ക് മുമ്പില്‍ ദയാഹര്‍ജി നല്‍കാനും പ്രതിക്ക് അവസരമുണ്ട്. ഇതിലെല്ലാം വധശിക്ഷ ശരിവച്ചാല്‍ മാത്രമേ ഒരു കുറ്റവാളിയെ ഇന്ത്യൻ നിയമവ്യവസ്ഥയ്‌ക്ക് വധ ശിക്ഷയ്ക്ക് വിധേയമാക്കാന്‍ സാധിക്കുകയുള്ളൂ.