ഡോ.പ്രവീൺ വത്സലൻ ഇടിവി ഭാരതിനോട് (Source: ETV Bharat) എറണാകുളം : കൊവിഡാനന്തരം ശ്വാസകോശ രോഗങ്ങൾ വര്‍ധിച്ചതായി ആരോഗ്യ രംഗത്തെ വിദഗ്‌ധര്‍. ശരീരത്തിൻ്റെ സ്വാഭാവികമായ പ്രതിരോധ ശേഷിയില്‍ ഉണ്ടായ മാറ്റങ്ങളാണ് കൊവിഡാനന്തരമുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നതെന്ന് ഡോക്‌ടര്‍ പ്രവീൺ വത്സലൻ പറയുന്നു. ശ്വാസകോശത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ കാരണമായുണ്ടാകുന്ന കിതപ്പ് ദീർഘകാലം നിലനിൽക്കുകയാണ്.
ശ്വാസകോശത്തിൻ്റെ പ്രവർത്തനങ്ങൾ കുറഞ്ഞുവരുന്നത് നീണ്ടുനിൽക്കുന്ന ചുമയ്ക്ക് കാരണമാകുന്നു. ചെറിയ ജോലി ചെയ്യുമ്പോൾ തന്നെ കിതപ്പ് അനുഭവപ്പെടുന്നത് ശരീര ക്ഷീണത്തിനും ഉണർവില്ലായ്‌മയ്ക്കും കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു. ശ്വാസകോശ രോഗങ്ങൾ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതിനാൽ ചെറിയ അസുഖങ്ങള്‍ പോലും ഗുരുതരമാകുന്നു.
സാധാരണയായുണ്ടാകുന്ന ജലദോഷം പോലും ന്യുമോണിയായി മാറും. ഇത്തരം പ്രശ്‌നങ്ങൾ കൊവിഡാനന്തരം വളരെയധികം വര്‍ധിച്ചതായി ഡോക്‌ടര്‍ പ്രവീൺ വത്സലൻ പറഞ്ഞു. കൊവിഡാനന്തര ശ്വാസകോശ ചികിത്സ പ്രോട്ടോക്കോൾ അനുസരിച്ചാണ് നൽകുന്നത്. ശ്വാസകോശത്തെ പുനരുജ്ജീവിപ്പിക്കാനുള്ള നിരവധി ചികിത്സകളാണ് നൽകുന്നതെന്നും ഡോക്‌ടര്‍ വ്യക്തമാക്കി.
ശ്വാസകോശ വിദഗ്‌ധരുടെ ദേശീയ സമ്മേളനം :ശ്വാസകോശ ചികിത്സാരംഗത്തെ പുതിയ രീതികള്‍ ചര്‍ച്ച ചെയ്യാന്‍ മെയ് 24 മുതല്‍ 26 വരെ കൊച്ചിയിൽ വിദഗ്‌ധരുടെ ദേശീയ സമ്മേളനം ചേരുന്നുണ്ട്. നെഞ്ചിനുള്ളിലേക്ക് ചെറിയ ക്യാമറ കടത്തിവിട്ട് ശ്വാസകോശത്തിന്‍റെ പുറം ഭാഗം പരിശോധിച്ച് കീ ഹോൾ ശസ്ത്രകിയകൾ സാധ്യമാക്കുന്ന മെഡിക്കൽ സാങ്കേതിക വിദ്യയായ തോറാക്കോസ്‌കോപ്പി ശ്വാസകോശ ശസ്ത്രക്രിയയിലെ വിപ്ലവമാണ്. ഇത് സംബന്ധിച്ച് നിരവധി ചർച്ചകൾ സമ്മേളനത്തില്‍ നടക്കുമെന്ന് ഇന്ത്യൻ അസോസിയേഷൻ ഫോർ ബ്രോങ്കോളജി ഭാരവാഹികള്‍ അറിയിച്ചു.
ബ്രോങ്കോസ്കോപ്പി, തൊറാക്കോസ്കോപ്പി, എയർവേഡിസോർഡേഴ്‌സ്, ട്യൂമർ അബ്ലേഷൻ, നാവിഗേഷണൽ ബ്രോങ്കോസ്കോപ്പി, എയർവേ സ്റ്റെന്‍റുകൾ, എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട്, ശ്വാസകോശം മാറ്റിവയ്ക്കൽ, തുടങ്ങിയ ചികിത്സാരീതികളിൽ 3 ദിവസം നീണ്ടുനിൽക്കുന്ന ശിൽപശാലകളും സമ്മേളനത്തിൻ്റെ ഭാഗമാണ്. കുട്ടികളിലെ ശ്വാസകോശ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന പീഡിയാട്രിക് ഇൻ്റർവെൻഷണൽ പൾമണോളജിയിലും ശാസ്ത്രീയ സെഷനുകൾ സംഘടിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലും വിദേശത്തുനിന്നുമായി പൾമണോളജിസ്റ്റുകൾ, ഇൻ്റർവെൻഷണൽ പൾമണോളജിസ്റ്റുകൾ, തോറാസിക് സർജൻമാർ എന്നിവരടങ്ങുന്ന ആയിരത്തിലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പത്ത് അന്താരാഷ്ട്ര ഫാക്കൽറ്റികളും 250 ദേശീയ ഫാക്കൽറ്റികളും വിവിധ സെഷനുകളിൽ സംസാരിക്കുമെന്നും സംഘാടകരായ ഇന്ത്യൻ അസോസിയേഷൻ ഫോർ ബ്രോങ്കോളജിയുടെ ഭാരവാഹികൾ അറിയിച്ചു.
Also Read:തൽക്ഷണ ശ്വാസകോശ പരിശോധന ഉപകരണം : ഇനി വീട്ടിലിരുന്ന് ശ്വാസകോശം സ്വയം പരിശോധിക്കാം