കോഴിക്കോട് : സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന അബ്‌ദുൾ റഹീമിന്‍റെ മോചനം ഇനിയും നീളും. ഇന്ന് (30-12-2024) റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിൽ കേസ് പരിഗണിച്ചെങ്കിലും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് കാട്ടി കേസ് മാറ്റിവച്ചു.
ജനുവരി 15ലേക്കാണ് കേസ് മാറ്റിയത്. 15 ന് രാവിലെ 8 മണിക്ക് കേസ് വീണ്ടും പരിഗണിക്കും. മോചന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അഞ്ചാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നടന്നത്.
ഡിസംബർ 12ന് സാങ്കേതിക കാരണങ്ങളാലാണ് കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്. എന്നാല്‍ ഇന്നും കേസ് മാറ്റിവയ്‌ക്കുകയായിരുന്നു. ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
അതേസമയം മകനെ വേഗം തിരിച്ചെത്തിക്കാൻ നടപടി വേണമെന്ന് അബ്‌ദുൽ റഹീമിന്‍റെ മാതാവ് ഫാത്തിമ ആവശ്യപ്പെട്ടു. കേസ് ഇങ്ങനെ നീട്ടീവയ്ക്കുന്നതിൽ എന്തെങ്കിലും കാരണം ഉണ്ടാകുമെന്നും അത് വേഗത്തിൽ കണ്ടെത്തണമെന്നും ഫാത്തിമ പറഞ്ഞു.
കേസിലെ ആദ്യ സിറ്റിങ് ഒക്ടോബർ 21ന് ആണ് നടന്നത്. എന്നാൽ ബെഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവയ്‌ക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തുടർന്ന് കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബെഞ്ച് കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്‌മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റി.
ആ തീയതിയിൽ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന് നൽകാനായി. അതുകൂടി പരിശോധിച്ച് വിധി പ്രഖ്യാപനം ഡിസംബർ 12 ലേക്ക് മാറ്റുകയായിരുന്നു. പിന്നീടാണ് ഇന്ന് വീണ്ടും കോടതി സിറ്റിങ് നിശ്ചയിച്ചത്.
2006ല്‍ ആണ് മനപൂർവമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 കാരന്‍റെ മരണത്തിൽ റഹീം ജയിലിലാകുന്നത്. ഡ്രൈവര്‍ വിസയിൽ സൗദിയിലെത്തിയ റഹീം തലക്ക് താഴെ ചലന ശേഷി നഷ്‌ടപ്പെട്ട സ്പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കുന്ന ജോലിയാണ് ചെയ്‌തത്.
ഫായിസിന് ഭക്ഷണവും വെള്ളവുമടക്കം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്.
കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്‌ദുല്‍ റഹീമിന്‍റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്‌തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവച്ചിരുന്നു.
ഈ കാലയളവിനിടയില്‍ ഫായിസിന്‍റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദിയാധനമെന്ന ഉപാധിയില്‍ ഫായിസിന്‍റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു.
Also Read:കൂടരഞ്ഞിയിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞു; 6 വയസുകാരിയ്ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്