തിരുവനന്തപുരം: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം തിരിച്ചു പിടിക്കാന്‍ വഴി തേടുന്ന കോണ്‍ഗ്രസിന് പിടിവള്ളിയാകുകയാണ് എന്‍എസ്‌എസ്, എസ്എന്‍ഡിപി സാമുദായിക സംഘടനകളുടെ അപ്രതീക്ഷിത പിന്തുണ. അടുത്ത വര്‍ഷം ജനുവരി രണ്ടിനു ചങ്ങനാശേരി എന്‍എസ്എസ് ആസ്ഥാനത്തു നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു ക്ഷണം ലഭിച്ചതിനു പിന്നാലെ എസ്‌എന്‍ഡിപിയുടെ വൈക്കം യൂണിയന്‍ ശിവഗിരിയിലേക്കു നടത്തുന്ന പദയാത്രയുടെ ഉദ്ഘാടകനായും ചെന്നിത്തലയ്ക്കു സ്വീകരണം ലഭിച്ചിരിക്കുകയാണ്.
ഇതോടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി ആരായിരിക്കണം എന്നതു സംബന്ധിച്ച് കേരളത്തിലെ രണ്ടു സുപ്രധാന സംഘടനകളുടെ സന്ദേശം പരസ്യമായതു പ്രതിപക്ഷ നേതാവ് വിഡി സതീശനു കനത്ത പ്രഹരമായി. വിഡി സതീശന്‍ പ്രതിപക്ഷ നേതാവായതു മുതല്‍ കോണ്‍ഗ്രസിനോട് കടുത്ത അതൃപ്‌തി പരസ്യമാക്കിയിരുന്ന രണ്ടു സാമുദായിക സംഘടനകളാണ് യുഡിഎഫിന്‍റെ കേരളത്തിലെ നേതാവായ വിഡി സതീശനു ശക്തമായ താക്കീതു നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്. രമേശ് ചെന്നിത്തലയുടെ കീഴില്‍ നിന്ന് പ്രതിപക്ഷ നേതാവായതിനു പിന്നാലെ കോണ്‍ഗ്രസിലെയും യുഡിഎഫിലെയും ഒന്നാമന്‍ താനാണെന്നു വരുത്താന്‍ വിഡി സതീശന്‍ നടത്തി വന്നിരുന്ന ശ്രമങ്ങള്‍ക്ക് ഈ സംഘടനകളുടെ പുതിയ നീക്കം തെല്ലൊന്നുമല്ല തിരിച്ചടി നല്‍കുന്നത്.
2026ല്‍ കോണ്‍ഗ്രസ് അധികാരത്തിലേക്കു തിരിച്ചെത്തിയാല്‍ ആരായിരിക്കണം മുഖ്യമന്ത്രി എന്ന തങ്ങളുടെ വ്യക്തമായ ആശയം നായര്‍, ഈഴവ സംഘടനകള്‍ പരസ്യമാക്കുന്നതായിക്കൂടി വേണം പുതിയ നീക്കത്തെ വിലയിരുത്താന്‍. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ അപ്രസക്തനാക്കി കോണ്‍ഗ്രസിലെ തന്‍റെ എതിരാളികളെ തന്നെ അപ്രസക്തനാക്കി 2026ലെ തെരഞ്ഞെടുപ്പ് നയിക്കാന്‍ സതീശന്‍ കോപ്പുകൂട്ടുന്നതിനിടയിലാണ് നായര്‍, ഈഴവ സംഘടനകള്‍ സതീശനു താക്കീതു നല്‍കിയിരിക്കുന്നതെന്നതും ഈ അവസരത്തില്‍ ശ്രദ്ധേയമാണ്.
പരിക്കു തിരിച്ചറിഞ്ഞ സതീശന്‍ അതിവേഗം അതു പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു എന്നതാണ് ഇന്നത്തെ അദ്ദേഹത്തിന്‍റെ മാധ്യമങ്ങളോടുള്ള പ്രതികരണം സൂചിപ്പിക്കുന്നത്. ഒരു കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ തന്നെ കിട്ടില്ലെന്നും സാമുദായിക നേതാക്കള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന ആളല്ല താനെന്നുമുള്ള മുന്‍ പ്രസ്‌താവനകളില്‍ നിന്നു സതീശന്‍ പിന്നാക്കം വലിഞ്ഞു. എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്‍റെയും പുതു നീക്കം സംബന്ധിച്ച പ്രസ്‌താവനകള്‍ക്കു കരുതലോടെയായിരുന്നു ഇന്നു സതീശന്‍റെ പ്രതികരണം.
ഇരു സംഘടനകളുടെയും നേതാക്കള്‍ക്കെതിരെ മുന്‍പ് ഉയര്‍ത്തിയിരുന്ന വിമര്‍ശനത്തിന്‍റെ തരിമ്പും പ്രകടിപ്പിക്കാതിരുന്ന സതീശന്‍ ഇരു നേതാക്കളെയും പുകഴ്ത്തുകയായിരുന്നു എന്നതും ശ്രദ്ധേയം. വെള്ളാപ്പള്ളി നടേശന്‍ തന്നെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുള്ള മുതിര്‍ന്ന നേതാവ് എന്നു വിശേഷിപ്പിച്ച സതീശന്‍, സുകുമാരന്‍ നായരുടെ പേരെടുത്തു പറഞ്ഞില്ലെങ്കിലും എന്‍എസ്എസ് നേതൃത്വം എന്നു പറഞ്ഞു ശബരിമല കാലത്തു സംഘപരിവാറിനെ അകറ്റി നിര്‍ത്തിയ കാര്യം പ്രത്യേകം എടുത്തു പറഞ്ഞു.
തന്നെ വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്യമുണ്ടെന്നും പ്രത്യേകം പരാമര്‍ശിച്ചു. പക്ഷേ ഇതൊന്നും ഇരു സംഘടനകളെയും അനുനയിപ്പിക്കാന്‍ പര്യാപ്‌തമാണെന്നു കരുതുക വയ്യ. ഇതോടെ കോണ്‍ഗ്രസില്‍ പൊതുവേയും യുഡിഎഫില്‍ പ്രത്യേകിച്ചും പ്രതിപക്ഷ നേതാവ് വിഡി സതീശനുള്ള മേല്‍ക്കൈ ക്രമേണ ഇല്ലാതാക്കുന്നതാണെന്ന വിലയിരുത്തല്‍ പൊതുവേ ഉണ്ട്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേക്ക് 10 വര്‍ഷത്തിനു ശേഷം തിരിച്ചെത്തുക എന്നതിന് അപ്പുറം മറ്റൊന്നും കോണ്‍ഗ്രസിനും യുഡിഎഫിനും മുന്നിലില്ല.
ഘടക കക്ഷികളെ സംബന്ധിച്ച് പ്രത്യേകിച്ചും മുസ്ലീം ലീഗിനെ സംബന്ധിച്ച് അധികാരമില്ലാത്ത മറ്റൊരു അഞ്ചു വര്‍ഷം അവര്‍ക്ക് അണികളെ പിടിച്ചു നിര്‍ത്താന്‍ നന്നേ ശ്രമകരമാകുമെന്നറിയാം. ഈ സാഹചര്യത്തില്‍ യുഡിഎഫുമായി അകന്നു നിന്ന രണ്ടു സാമുദായിക സംഘടനകള്‍ പൊടുന്നനെ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഏറ്റവും മുതിര്‍ന്ന നേതാവിനെ ആലിംഗനം ചെയ്യുന്നതിന്‍റെ ആഹ്ളാദം ലീഗിനെ സംബന്ധിച്ചിടത്തോളം ചെറുതല്ല.