കോട്ടയം:പെരിയ ഇരട്ടക്കൊലക്കേസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആസൂത്രിതമായി നടത്തിയതെന്ന് അസന്നിഗ്‌ധമായി തെളിയിച്ചിരിക്കുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് തേച്ച്‌മായ്‌ച്ച് കളയാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും അത്തരം ശ്രമങ്ങള്‍ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
രമേശ് ചെന്നിത്തല മാധ്യമങ്ങളോട് (ETV Bharat) മുന്‍ എംഎല്‍എ അടക്കമുള്ളവരെ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഇനി ശിക്ഷ വിധിക്കേണ്ടിയിരിക്കുന്നു. കുറച്ച് പേരെ വെറുതെ വിട്ടു. അപ്പോള്‍ അതിനെതിരെ എന്ത് ചെയ്യണമെന്ന് കുടുംബവുമായി ആലോചിച്ച് പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നാണ് എന്‍റെ വിശ്വാസം. ഏതായാലും ഭീകരന്മാര്‍ ചെയ്യുന്ന രീതിയിലാണ് രണ്ട് ചെറുപ്പക്കാരെ അവിടെ കൊലപ്പെടുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മുന്‍ എംഎല്‍എ അടക്കം നിരവധി പേര്‍ ഇതില്‍ കുറ്റക്കാരാണെന്ന് തങ്ങള്‍ നേരത്തെ തന്നെ പറയുന്നതാണ്. അപ്പോഴെല്ലാം പാര്‍ട്ടിക്ക് പങ്കില്ലെന്നും പറഞ്ഞ് കൈ കഴുകുകയാണ് സിപിഎം ചെയ്‌തത്. ഈ അരും കൊലയ്‌ക്ക് നേതൃത്വം നല്‍കിയ സിപിഎമ്മിന്‍റെ മുഴുവന്‍ പ്രതികളെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുന്നതിനുള്ള നിയമ പോരാട്ടങ്ങളുമായി തന്നെ മുന്നോട്ട് പോകണമെന്നുള്ളതാണ് തന്‍റെ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു.
വാസ്‌തവത്തില്‍ കൊലപാതകം നടന്ന സമയത്ത് കൊലയാളികള്‍ക്ക് മുഴുവന്‍ ഒത്താശയും ചെയ്‌ത് കൊടുക്കാനും ശ്രമിച്ച സിപിഎം നേതൃത്വം ആദ്യം തന്നെ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് പറഞ്ഞത്. അത്തരം നീജമായ നടപടികളെടുത്ത കേരളത്തെ ഞെട്ടിപ്പിച്ച കുഞ്ഞുങ്ങളുടെ കൊലപാതകത്തില്‍ നിന്നും സിപിഎമ്മിന് ഒരിക്കലും കൈ കഴുകാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ എല്ലാവരും പറഞ്ഞ കാര്യങ്ങള്‍ ഞാനിവിടെ ഓര്‍ക്കുകയാണ്.
ഈ കൊലപാതകത്തിന് നേതൃത്വം നല്‍കി കുറ്റവാളികളെ സംരക്ഷിച്ച പാര്‍ട്ടിക്ക് അകത്ത് ഇനിയും പ്രതികളുണ്ട്. അവരെ വെറുതെ വിടുന്നതിനോട് പൂര്‍ണമായ നീതി നടപ്പായിയെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് ബന്ധപ്പെട്ട മറ്റുള്ളവരുമായി യോജിച്ച് മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Also Read:പെരിയ ഇരട്ടകൊലപാതകക്കേസ്; മുന്‍ എംഎൽഎ കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാർ