സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കാസർകോട് : സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട പണം ഭീഷണിയിലാണെന്നും സിപിഎം നേതാക്കന്മാർ ഇത് കൊള്ളയടിക്കുകയാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സഹകരണ ബാങ്കുകളെ മറയാക്കി കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊള്ള നടത്തുകയാണ്. ഒരു ലക്ഷം കോടി രൂപയാണ് കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നിഷേപമായി ഉള്ളത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പണം നഷ്‌ടപ്പെട്ടവര്‍ക്ക് തിരിച്ചുനല്‍കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. സഹോദരീ സഹോദരന്മാരേ എല്ലാവര്‍ക്കും എന്‍റെ നമസ്‌കാരം എന്ന മലയാളം ആമുഖത്തോടെയായിരുന്നു രാജ്‌നാഥ് സിങ് പ്രസംഗം തുടങ്ങിയത്. രാമൻ ഭഗവാൻ മാത്രം അല്ല സാംസ്‌കാരിക നായകൻ കൂടിയാണ്. ഇത് അഗീകരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും തയ്യാറല്ല. രാമനെ എതിര്‍ത്തവരെയെല്ലാം ജനങ്ങള്‍ ഒഴിവാക്കിയ ചരിത്രമാണുള്ളത്.
കേന്ദ്ര സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ രാജ്‌നാഥ് സിങ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയതായും പുതിയ പ്രകടന പത്രിക പ്രകാരം ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി വളര്‍ത്തുമെന്നും അവകാശപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ ഇരട്ട സംഖ്യയില്‍ വിജയിക്കും. ഇടതുവലത് മുന്നണികള്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. ഇവരിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നു. ക്യാമ്പസുകളില്‍ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരാന്‍ ഇവരെ ഒഴിവാക്കണം.
ഇന്ത്യയില്‍ കോണ്‍ഗ്രസിന്‍റേയും സിപിഎമ്മിന്‍റേയും അവസ്ഥ ദയനീയമാണ്. കോണ്‍ഗ്രസിന് എംഎല്‍എമാര്‍ പോലുമില്ലാത്ത സംസ്ഥാനങ്ങള്‍ ഉണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ത്രിപുരയില്‍ നിന്ന് ജനങ്ങള്‍ ഒഴിവാക്കി. രണ്ട് മുന്നണികളെയും കേരളത്തിൽ നിന്ന് പുറത്താക്കി അതിര്‍ത്തിയില്‍ നോ എന്‍ട്രി ബോര്‍ഡ് സ്ഥാപിക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
Also Read:ഡി കെ ശിവകുമാർ, സീതാറാം യെച്ചൂരി, രാജ്‌നാഥ് സിങ്; കണ്ണൂരിൽ ദേശീയ നേതാക്കളെ ഇറക്കി മുന്നണികൾ
ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണ് കേരളത്തിലെ ഇടതു-വലത് മുന്നണികൾ. ഇവരുടേത് പഴഞ്ചന്‍ ചിന്താഗതിയാണ്. അതിനാല്‍ തന്നെ വികസനത്തിനായി പുരോഗമന ചിന്താഗതിയുള്ള എന്‍ഡിഎയെ ജനങ്ങള്‍ വിജയിപ്പിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട്ട് എന്‍ഡിഎ സ്ഥാനാര്‍ഥി എം എല്‍ അശ്വിനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.