കണ്ണൂര്‍:മൊകേരി എന്ന ഗ്രാമം അറിയപ്പെടുന്നത് രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്‌കൂളിന്‍റെ പേരിലാണ്. കല, സാംസ്‌ക്കാരിക-ശാസ്ത്ര രംഗത്ത് വിദ്യാര്‍ഥികളിലൂടെ പ്രശസ്‌തിയുടെ പടവുകളിലെത്തിയ ഈ വിദ്യാലയം പരിസ്ഥിതി സൗഹൃദത്തിന്‍റെ പൊന്‍തൂവല്‍ കൂടി അണിഞ്ഞിരിക്കയാണ്. ഇവിടെ എത്തുന്നവര്‍ക്ക് ഹരിതാഭമായ ഒരു ലോകമാണ് തുറന്നിട്ടിരിക്കുന്നത്.
മുത്താറിപ്പീടിക കവലയില്‍ നിന്നും ഒരു ചെറിയ കുന്ന് കയറി വേണം സ്‌കൂള്‍ അങ്കണത്തിലെത്താന്‍. പ്രധാന കവാടത്തിലെത്തും മുമ്പേ ഇടതുവശത്ത് മിയാവാക്കി വനം. അമ്പതിലേറെ മരങ്ങള്‍ ഇവിടെ ഇടതിങ്ങി വളരുന്നു. മധുരവനം എന്ന് നാമകരണം ചെയ്‌ത ഇവിടം പേര, സപ്പോട്ട, കടച്ചക്ക, ചാമ്പ, കിളിഞാവല്‍, റംബൂട്ടാന്‍, മാവ്, പുളി എന്നിവ വളരുന്നു. പതിനഞ്ചിനം പക്ഷികളുടെ ആവാസ കേന്ദ്രമായി ഈ മധുരവനം മാറിയിരിക്കയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതൊക്കെ പിന്നിട്ട് സ്‌കൂളിന്‍റെ പ്രധാന കെട്ടിടത്തിന് സമീപമെത്തിയാല്‍ പച്ചപ്പിന്‍റെ ഊഷ്‌മളത അനുഭവിച്ചറിയാം. വനത്തിന്‍റെ ഭംഗിയാസ്വദിച്ച് സ്‌കൂളുലെത്തുമ്പോൾ തലയുയർത്തി ഏവരെയും സ്വാഗതം ചെയ്യാൻ തയ്യാറായി വലിയൊരു പേരാൽ മരമുണ്ടാകും. വിദ്യാര്‍ഥികള്‍ ഒഴിവുവേളകളില്‍ ഈ ആല്‍മരത്തണലിലാണ് കൂട്ടുകൂടുന്നത്. എതിര്‍ ഭാഗത്ത് രക്തചന്ദനം, കൂവളം, ഇലഞ്ഞി, ചേര് തുടങ്ങിയവ തണലൊരുക്കുന്നു.
യക്ഷിക്കഥകളുടെ കേന്ദ്രസ്ഥാനമായ ഏഴിലം പാല മറുഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്നു. വിദ്യാലയത്തിന്‍റെ വടക്കു ഭാഗത്ത് അമേരിക്ക - മെക്‌സിക്കോ സ്വദേശിയായ ഡിവിഡിവി പന്തലൊരുക്കി നില്‍ക്കുന്നുണ്ട്. ഈസ്‌റ്റ് ഇന്ത്യാ കമ്പനി ഭരണകാലത്ത് തലശേരിയിലെത്തിയ ഡിവിഡിവി ഈ വിദ്യാലയത്തിലെ സാംസ്‌കാരിക സമ്മേളനത്തിന്‍റെ വേദിയാണ്. ഏത് കൊടും ചൂടിലും തണലും തണുപ്പും നല്‍കുന്ന ഡിവിഡിവി ചിത്രശലഭങ്ങളുടേയും ഇടത്തരം പക്ഷികളുടേയും ആവാസ കേന്ദ്രമാണ്. മരത്തണലില്‍ നടക്കുന്ന പഴയ കാല കൂട്ടായ്‌മയെ അനുസ്‌മരിക്കും വിധം വിവിധ സമ്മേളനങ്ങള്‍ ഇവിടെ നടക്കുന്നു.
വിരമിച്ച പത്ത് അധ്യാപകര്‍ ചേര്‍ന്ന് 1995ലാണ് രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്‌കൂൾ സ്ഥാപിച്ചത്. മുള്ളന്‍കുന്ന് എന്നറിയപ്പെടുന്ന മൂന്നര ഏക്കര്‍ ചെങ്കല്‍ പ്രദേശം വാങ്ങിയായിരുന്നു തുടക്കം. കുറ്റിക്കാട് മാത്രമുണ്ടായിരുന്ന ഈ പ്രദേശത്ത് പാറ കുഴിച്ച് മരങ്ങള്‍ നട്ടാണ് തുടക്കം. പലതും ഉണങ്ങിപ്പോയെങ്കിലും നനച്ചും പരിപാലിച്ചും ഒട്ടേറെ മരങ്ങളെ നിലനിര്‍ത്തി.
അങ്ങനെ ഗുല്‍മോഹര്‍, കണികൊന്ന, ഞാവല്‍ തുടങ്ങിയവ അവിടെ നാമ്പിട്ടു. അധ്യാപകരും വിദ്യാര്‍ഥികളും കൈമെയ് മറന്ന് മുള്ളന്‍ കുന്നിനെ പരിപാലിച്ചു. ഇന്ന് പതിനേഴിനം മുളകള്‍, വിവിധ ഇനം മാവുകള്‍ എന്നിവ ഇവിടെ തഴച്ചു വളരുന്നു.
പരിസ്ഥിതി ബോധമുള്ള അധ്യാപകര്‍, അവരെ പിന്‍തുണക്കുന്ന മാനേജ്‌മെന്‍റ്, പ്രാവര്‍ത്തികമാക്കാന്‍ വിദ്യാര്‍ഥികള്‍, അതാണ് ഈ വിദ്യാലയത്തിന്‍റെ വിജയം കുറിച്ചത്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒട്ടേറെ പരിസ്ഥിതി ബഹുമതികള്‍ ഇവിടെ തേടിയെത്തുകയാണ്.
Also Read:സഹപാഠിക്ക് വീടൊരുക്കാൻ സ്‌കൂളിൽ തട്ടുകട; മാതൃകയായി മാവൂർ സ്‌കൂളിലെ വിദ്യാർഥികൾ