തിരുവനന്തപുരം : കേന്ദ്ര മന്ത്രിയും തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് 23.65 കോടി രൂപയുടെ ആസ്‌തിയെന്ന് സത്യവാങ്മൂലം. ഭാര്യ അഞ്‌ജു ചന്ദ്രശേഖറിന് 12.47 കോടിയുടെ ആസ്‌തിയുണ്ട്. 52,761 രൂപ കൈവശവും 8 ബാങ്കുകളിലായി 10.38 കോടിയുടെ സ്ഥിര നിക്ഷേപവുമുണ്ട്.
3.25 കോടിയുടെ സ്വര്‍ണ്ണ നിക്ഷേപം സ്വന്തം പേരിലും, 3.59 കോടിയുടെ സ്വര്‍ണ്ണ നിക്ഷേപം ഭാര്യയുടെ പേരിലുമുണ്ട്. 1942 മോഡല്‍ റെഡ് ഇന്ത്യന്‍ സ്‌കൗട്ട് ബൈക്കാണ് കൈവശമുള്ള ഏക വാഹനമായി സൂചിപ്പിച്ചിട്ടുള്ളത്. ബെംഗളൂരുവിലെ കോറമംഗലയില്‍ 14.40 കോടി രൂപയുടെ ഭൂമിയുണ്ട്.
സ്വന്തം പേരില്‍ 19.41 കോടി രൂപയുടെയും ഭാര്യയുടെ പേരില്‍ 1.63 കോടി രൂപയുടെയും ബാധ്യത. 6 സ്ഥാപനങ്ങളില്‍ ഓഹരി നിക്ഷേപവും 3 സ്ഥാപനങ്ങളില്‍ പങ്കാളിത്ത നിക്ഷേപവുമുണ്ട്. ഭാര്യ അഞ്‌ജുവിന്‍റെ പേരില്‍ വിവാദമായ നിരാമയ റിട്രീറ്റ്‌സ് കോവളം പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെ 15 സ്ഥാപനങ്ങളില്‍ ഓഹരി നിക്ഷേപമുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
കര്‍ണാടകയിലെ കോറമംഗലയിലെ റെഡ്ഡി ജന സംഘ് ഹൈസ്‌കൂളിലെ പോളിങ് ബൂത്തിലാണ് രാജീവ് ചന്ദ്രശേഖറിന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടുള്ളത്. 2023 ഒക്‌ടോബര്‍ 29 ന് എറണാകുളം കളമശേരിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ പലസ്‌തീന്‍ തീവ്രവാദ സംഘടനയായ ഹമാസിന് പങ്കുണ്ടെന്ന ഫേസ്ബുക്ക് പോസ്‌റ്റിന്മേലുള്ള കേസാണ് സ്ഥാനാര്‍ഥിയുടെ പേരിലുള്ള ഏക കേസെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. മതസ്‌പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കര്‍ണാടക, ബെല്‍ഗാമിലെ വിശ്വേശരയ്യ ടെക്‌നോളജി സര്‍വകലാശാലയില്‍ നിന്നാണ് രാജീവ് ചന്ദ്രശേഖര്‍ ഡോക്‌ടറേറ്റ് നേടിയത്. മണിപ്പാല്‍ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനിയറിങില്‍ ബിരുദം, അമേരിക്കയിലെ ചിക്കാഗോയിലുള്ള ഇലിനോയിസ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം എന്നിവയാണ് അദ്ദേഹത്തിന്‍റെ വിദ്യാഭ്യാസ യോഗ്യത.
Also Read :രാജ്‌മോഹന്‍ ഉണ്ണിത്താന് 70 ലക്ഷം; എം വി. ബാലകൃഷ്‌ണന് 35 ലക്ഷം: കാസർകോട്ടെ സ്ഥാനാർഥികളുടെ ആസ്‌തികള്‍ ഇങ്ങനെ - Kasaragod Candidates Asset Details