തിരുവനന്തപുരം: മാസപ്പടി കേസിലെ (Masappadi Case) ഇ ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന സിപിഎം വാദം ശ്രദ്ധ തിരിക്കാനെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ (Union Minister Rajeev Chandrasekhar). ക്രിമിനലുകൾ സ്വയം കുറ്റം ചെയ്തെന്ന് സമ്മതിക്കില്ല. അവർ അന്വേഷണ ഏജൻസികളെ കുറ്റം പറയുമെന്നും വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഷ്ട്രീയ പ്രേരിതം എന്ന് സിപിഎം പറയുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി (Rajeev Chandrasekhar On Masapapdi Case).
മൂന്ന് വര്‍ഷം മുമ്പ് ജൽ ജീവൻ മിഷൻ (Jal Jeevan Mission) വഴി കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിട്ടും ഇന്നും തിരുവനന്തപുരത്തെ 2.6 ലക്ഷം വീടുകളില്‍ കുടിവെള്ള പൈപ്പ് കണക്ഷന്‍ ലഭ്യമാക്കിയില്ലെന്നും തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇവര്‍ക്കു വെള്ളമെത്തിക്കുക എന്നതിനായിരിക്കും പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴും കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിവിടങ്ങളിലടക്കം ടാപ്പ് വെള്ളം ലഭിക്കാത്ത വലിയൊരു ജനവിഭാഗമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ജല്‍ജീവന്‍ മിഷനിലൂടെ 2019ല്‍ 23.20 ശതമാനം പേര്‍ക്ക് മാത്രം ലഭ്യമായിരുന്ന കുടിവെള്ളം 62.40 ശതമാനം പേരിലെത്തിച്ചു.