തിരുവനന്തപുരം: സംസ്ഥാനത്ത് ശമനമില്ലാതെ മഴ തുടരുകയാണ്. വയനാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കലക്‌ടര്‍ അറിയിച്ചു. പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങാന്‍ പാടില്ലെന്നും നിര്‍ദേശം.
ജില്ലയിലെ അങ്കണവാടികള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. അതേസമയം നവോദയ വിദ്യാലയങ്ങള്‍ക്കും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്‌സി പരീക്ഷകള്‍ക്കും അവധി ബാധിക്കില്ല. കോഴിക്കോട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്നലെ (ജൂലൈ 17) നാല് ജീവനുകള്‍ നഷ്‌ടമായി.
വയനാട് ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന അതിതീവ്ര മഴയില്‍ മൂന്ന് താലൂക്കുകളിലായി 11 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 98 കുടുംബങ്ങളില്‍ നിന്നായി 137 സ്‌ത്രീകളും 123 പുരുഷന്‍മാരും 72 കുട്ടികളും അടക്കം 332 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ഇതിന് പുറമെ 89 പേര്‍ ബന്ധു വീടുകളില്‍ കഴിയുന്നുണ്ട്. 28 വീടുകള്‍ ജില്ലയില്‍ ഭാഗികമായി തകര്‍ന്നു. പലയിടത്തും കിണറുകള്‍ ഇടിഞ്ഞ് താണിട്ടുണ്ട്. 25 ഏക്കര്‍ കൃഷി ഭൂമിയിലും നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്.