തിരുവനന്തപുരം:വന്ദേ ഭാരതിന് കടന്ന് പോകാന്‍ തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് വഴിയില്‍ പിടിച്ചിടുന്നുവെന്ന യാത്രക്കാരുടെ ആരോപണം നിഷേധിച്ച് റെയില്‍വേ. ഇന്ന് (സെപ്‌റ്റംബർ 23) അത്തരത്തില്‍ പിറവത്ത് വേണാട് എക്പ്രസ് ഏറെ നേരം പിടിച്ചിടുകയും തിക്കിലും തിരക്കിലും യാത്രക്കാര്‍ കുഴഞ്ഞു വീണതായുമുള്ള പരാതികള്‍ വസ്‌തുതാപരമല്ലെന്ന് റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു.
സ്ഥിരം യാത്രക്കാരുമായി യാത്ര ചെയ്യുന്ന ട്രെയിന്‍ എന്ന നിലയില്‍ സമയ കൃത്യത കൃത്യമായി റെയില്‍വേ വിലയിരുത്താറുണ്ടെന്ന് ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എല്‍എച്ച്ബി കോച്ചുകളിലേക്ക് ഈ ട്രെയിന്‍ വളരെ നാളുകള്‍ക്ക് മുമ്പേ മാറിക്കഴിഞ്ഞു.
ഓണത്തിരക്ക് കണക്കിലെടുത്ത് ട്രെയിന്‍ അതിന്‍റെ മുഴുവന്‍ കോച്ച് ശേഷിക്കുസരിച്ചുള്ള 22 കോച്ചുകളുമായാണ് യാത്ര നടത്തുന്നത്. സെപ്‌റ്റംബര്‍ 19 മുതല്‍ ഇതോടൊപ്പം ഒരു ജനറല്‍ കോച്ച് കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോഴും യാത്ര നടത്തുന്നത്.
ഇന്ന് പാലരുവി എക്‌സ്പ്രസ് രാവിലെ 7.53നാണ് പിറവം സ്‌റ്റേഷന്‍ കടന്ന് പോയത്. വന്ദേ ഭാരത് എക്‌സ്പ്രസ് ആകട്ടെ 8 മണിക്കാണ് പിറവം കടന്നു പോയത്. അതേസമയം വേണാട് എക്‌സ്പ്രസ് അതിന്‍റെ പിറവം റോഡിലെ ഒരു മിനിറ്റ് സ്‌റ്റോപ്പ് സമയത്തിന് ശേഷം രാവിലെ 9.32നാണ് പിറവത്ത് നിന്ന് യാത്ര പുറപ്പെട്ടത്. ഈ സാഹചര്യത്തില്‍ പാലരുവി എക്‌സ്പ്രസിനും വന്ദേ ഭാരത് എക്‌സ്പ്രസിനും വേണ്ടി വേണാട് പിറവത്ത് പിടിച്ചിട്ടു എന്ന മാധ്യമ വാര്‍ത്തകള്‍ വസ്‌തുത വിരുദ്ധമാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും