വയനാട്ടിലെ വന്യജീവി ആക്രമണം, രാഹുൽ മാങ്കൂട്ടത്തിൽ കാസർകോട്: വയനാട്ടിലെ വന്യജീവി ആക്രമണങ്ങളിൽ വന്യ മൃഗങ്ങളും വകുപ്പ് മന്ത്രിയും ഒരുപോലെ ഉത്തരവാദികളെന്നും വനം മന്ത്രി രാജിവയ്ക്കും വരെ മന്ത്രിയെ യൂത്ത് കോൺഗ്രസ് വഴിയിൽ തടയുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.
അട്ടർ വേസ്റ്റായ വനം മന്ത്രിയെ മ്യൂസിയത്തിൽ പ്രതിഷ്‌ഠിക്കണം. ജനങ്ങളുടെ ജീവനേക്കാൾ വലുതല്ല മന്ത്രിയുടെ ആഢംബരം. വയനാട്ടിൽ നടക്കുന്നത് മനുഷ്യർക്ക് ജീവിക്കാനുള്ള പോരാട്ടമാണ്. ജില്ലയിലേക്ക് വനം മന്ത്രി തിരിഞ്ഞു നോക്കിയിട്ടില്ല. മന്ത്രിയെ കൊണ്ട് നാടിനു ഒരു പ്രയോജനവും ഇല്ല.
അവിടുത്തെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പോലും മന്ത്രിക്ക് കഴിയുന്നില്ല. 20 നു അടിയന്തര യോഗം നടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതുവരെ വന്യ ജീവികൾക്ക് മുഖ്യമന്ത്രി സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടോ? അടിയന്തര യോഗത്തിൽ കാട്ടാനയും കടുവയുമൊക്കെ പങ്കെടുക്കുമോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.
വന്യ മൃഗങ്ങളുടെ ബുദ്ധി എങ്കിലും കേരളത്തിലെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉണ്ടാകണ്ടേയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ രാഷ്ട്രീയ പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിലും നല്ലത് ജനാധിപത്യത്തെ മരവിപ്പിക്കലാണ്. ഏതൊക്കെ ഫ്രീസിങ് ഉണ്ടായാലും ഫ്രീസറിൽ ആകാൻ പോകുന്നത് നരേന്ദ്ര മോദിയുടെ ഗവണ്‍മെന്‍റ് ആയിരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കാസർകോട് പറഞ്ഞു.