കല്‍പ്പറ്റ: ജിവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സിദ്ധാര്‍ഥിന്‍റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കി രാഹുല്‍ ഗാന്ധി. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം കല്‍പ്പറ്റയില്‍ വെച്ച് സിദ്ധാര്‍ഥിന്‍റെ പിതാവ് ജയപ്രകാശ് രാഹുല്‍ ഗാന്ധിയെ കണ്ടു. കേസ് സിബിഐക്ക് വിടാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് അടക്കം കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രാഹുല്‍ ഗാന്ധി ചോദിച്ചറിഞ്ഞു.
സിദ്ധാര്‍ഥിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ ഒപ്പമുണ്ടാകുമെന്നും, ഇക്കാര്യത്തില്‍ ഏതറ്റം വരെ പോകാനും കൂടെയുണ്ടാകുമെന്നും ജയപ്രകാശിനും കൂടെയുണ്ടായിരുന്നവര്‍ക്കും രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍, എം എല്‍ എമാരായ അഡ്വ. ടി സിദ്ധിഖ്, എ പി അനില്‍കുമാര്‍ എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.