കോഴിക്കോട്:പ്രിയങ്കാ ഗാന്ധി സ്ഥാനാർഥി ആയതോടെ വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമാണ്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയും ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസും പ്രചാരണത്തിന് തിരികൊളുത്തിയതോടെ ഇനി പ്രിയങ്കയ്ക്കായുള്ള കാത്തിരിപ്പാണ്. തെരഞ്ഞെടുപ്പ് ചൂടിലേക്ക് നാളെ (ഒക്‌ടോബര്‍ 22) പ്രിയങ്കയും പറന്നിറങ്ങുതോടെ വയനാട്ടിൽ ആവേശം അലതല്ലും.
പ്രിയങ്കയുടെ പ്രചാരണം കളറാക്കാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കം വയനാട്ടിലേക്ക് എത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിൽ ഇരുവരും പ്രചരണം നടത്തും. സോണിയയും രാഹുലും പ്രിയങ്കയും ഒന്നിച്ചാകും നാളെ കോഴിക്കോട്ടിറങ്ങുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബുധനാഴ്‌ച (ഒക്‌ടോബർ 23) കൽപ്പറ്റയിൽ ഇവർ ഒന്നിച്ച് റോഡ് ഷോയും നടത്തും. അതിന് ശേഷമാകും നാമനിർദേശ പത്രിക സമർപ്പണം. അവിടെയും ഇരുവരും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും.
വർഷങ്ങൾക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 23 മുതല്‍ പത്ത് ദിവസം പ്രിയങ്കാ ഗാന്ധി മണ്ഡലത്തില്‍ പര്യടനം നടത്തും.
നിലവില്‍ രണ്ടാം ഘട്ട പ്രചരണത്തിലേക്ക് കടക്കുകയാണ് യുഡിഎഫ്. പഞ്ചായത്തുതല കൺവൻഷനുകൾക്ക് യുഡിഎഫ് തുടക്കമിട്ടിട്ടു. പ്രിയങ്കാ ഗാന്ധിയുടെ അരങ്ങേറ്റ മത്സരത്തിന് കോൺഗ്രസ് നിറം പകരുമ്പോൾ അഞ്ചുലക്ഷം ഭൂരിപക്ഷമാണ് ലക്ഷ്യമിടുന്നത്.
അതേസമയം, യുഡിഎഫിന് ജയിക്കാന്‍ അന്‍വറിന്‍റെ പിന്തുണയൊന്നും വേണ്ടെന്ന് വയനാടിന്‍റെ ചുമതലയുള്ള രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പിവി അന്‍വറിന്‍റെ ഡിമാന്‍റുകളൊന്നും യുഡിഎഫ് അംഗീകരിക്കാന്‍ പോകുന്നില്ല.
ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. അന്‍വര്‍ വഴിമുടക്കി ആകരുതെന്നേ വിചാരിച്ചുള്ളൂ. വോട്ട് വിഘടിച്ച് പോകരുതെന്നാണ് ഉദ്ദേശ്യമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
Also Read:പ്രിയങ്കാ ഗാന്ധിയുടെ പത്രികാസമർപ്പണം ഈ മാസം 23ന്; രാഹുൽ ഗാന്ധിയും എത്തും