എറണാകുളം : മഹാരാജാസ് കോളജിലെ പ്രശ്‌ന പരിഹാരത്തിനായി നടപടി സ്വീകരിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു (Minister R Bindu On Maharajas College Issue). കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. പ്രശ്‌ന പരിഹാരത്തിനായി ഡയറക്‌ടറേറ്റ് ഓഫ് കോളേജിയേറ്റ് എജ്യുക്കേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ അഭിമാന കലാലയമായ മഹാരാജാസിലെ പ്രശ്‌നം വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. താനുൾപ്പടെ പങ്കെടുത്ത് മഹാരാജാസിൽ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. അതേസമയം വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് അടച്ചിട്ട കോളജ് തുറന്ന് പ്രവർത്തിപ്പിക്കുന്നത് ചർച്ച ചെയ്യാൻ കോളജിൽ സർവ്വകക്ഷി യോഗം ചേരുകയാണ്.
എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്‌ദുറഹ്മാന് കഴിഞ്ഞ ബുധനാഴ്‌ച രാത്രി പതിനൊന്നര മണിയോടെയാണ് ക്യാമ്പസിൽ വച്ച് കുത്തേറ്റത്. ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രതികൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ശരീരത്തിൽ വരയുകയായിരുന്നു. നാടക പരിശീലനം കഴിഞ്ഞ് മടങ്ങവെ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്ന് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ആരോപണം.
ഫ്രറ്റേണിറ്റി കെ.എസ് യു പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. ബുധനാഴ്‌ച കോളജ് അറബിക് ഡിപ്പാർട്ട്മെന്‍റ് അധ്യാപകനായ നിസാമുദ്ദീന് മർദ്ദനമേറ്റതായി പരാതി ഉയർന്നിരുന്നു. ഹാജർ കുറഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതർക്കത്തിൽ വിദ്യാർത്ഥി ആക്രമണം നടത്തിയെന്നാണ് അധ്യാപകൻ പറയുന്നത്. ഇതേ തുടർന്ന് ഒരു വിദ്യാർത്ഥിയെ കോളജിൽ നിന്ന് സസ്പെന്‍റ് ചെയ്‌തിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസെടുത്തിരുന്നു.