മലപ്പുറം:കാട്ടാനയാക്രമണത്തിൽ മണി എന്ന യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം. നിലമ്പൂർ ഫോറസ്‌റ്റ് ഓഫിസ് അടിച്ച് തകർത്തു. പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇത് വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പിവി അൻവർ പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
"ഇന്നലെ (ജനുവരി 5) വൈകിട്ട് 6.30നാണ് കരുളായിയിലെ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണിയെന്ന് പറയുന്ന ആദിവാസി യുവാവ് മരിച്ചത്. ആന ആക്രമിച്ച് ഏകദേശം രണ്ടര മണിക്കൂറോളം ആ യുവാവ് രക്തം വാർന്ന് ആ കാട്ടിൽ കിടന്നു. ഇൻക്വസ്‌റ്റ്, പോസ്‌റ്റ്‌മോർട്ടം നടപടികൾ വൈകി.
തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നൽകുന്നില്ല. മണിയുടെ മരണത്തിൽ ഇതുവരെയും സർക്കാരും വനംവകുപ്പ് മന്ത്രിയും നിലപാടുമെടുത്തിട്ടില്ല. കാട്ടാന ആക്രമിച്ചപ്പോള്‍ മണിയുടെ കയ്യിൽ ഉണ്ടായിരുന്ന കുഞ്ഞ് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്."- പിവി അന്‍വര്‍ പറഞ്ഞു.
കുട്ടികളെ ട്രൈബൽ ഹോസ്‌റ്റലിലാക്കി തിരിച്ചുവരുന്നതിനിടെയാണ് മണി കാട്ടാനയ്‌ക്ക് മുന്നില്‍ പെടുന്നത്. കാട്ടാന ആക്രമിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന കുഞ്ഞ് തെറിച്ചു വീണു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കാട്ടാന കുട്ടിക്ക് നേരെ പാഞ്ഞടുക്കുന്നതിന് മുമ്പ് രക്ഷപ്പെടുത്തുകയായിരുന്നു.
ആക്രമണം നടന്ന ഉടനെ തന്നെ കൂടെയുണ്ടായിരുന്നവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് വിവരം അറിയിച്ചിരുന്നു. എന്നാൽ ഫോറസ്‌റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത് ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞിട്ടാണ്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്മാർ ഉടനടി വാഹനം എത്തിച്ച് മണിയ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു. ഇതൊരു വന്യജീവി ആക്രമണം എന്ന് പറഞ്ഞ് എഴുതി തള്ളേണ്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.