കെവിവിഎസ് പ്രതിനിധികള്‍ മാധ്യമങ്ങളോട് ഇടുക്കി: പൂപ്പാറയിലെ പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. സംഭവത്തില്‍ പൂപ്പാറ ആക്ഷണ്‍ കൗണ്‍സില്‍ അപ്പീല്‍ സമര്‍പ്പിച്ചു. തലമുറകളായി മേഖലയില്‍ താമസിക്കുന്നവരെ കോടതി വിധി പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്ഷണ്‍ കൗണ്‍സില്‍ അപ്പീല്‍ നല്‍കിയത്.
ജനുവരി 28നാണ് പൂപ്പാറയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് കോടതി ഉത്തരവ്. ആറാഴ്‌ചക്കുള്ളില്‍ കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാണ് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. പുറമ്പോക്കിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവയാണ് ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.
മാനുഷിക പരിഗണന ഇല്ലെന്ന് കെവിവിഎസ്‌എസ്:പൂപ്പാറയിലെ പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റ് ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവിനെതിരെ കെവിവിഎസ് (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി) രംഗത്ത്. പൂപ്പാറയിലെ സാധാരണക്കാരായ ജനങ്ങൾക്ക് കോടതി മാനുഷിക പരിഗണന നൽകിയില്ലെന്ന് കെവിവിഎസ് ജില്ല പ്രസിഡന്‍റ് സണ്ണി പൈമ്പിള്ളി പറഞ്ഞു. ജില്ലയിലെ വ്യാപാരി സമൂഹം പൂപ്പാറയിലെ ജനങ്ങൾക്കും വ്യാപാരികൾക്കും ഒപ്പം നിലകൊള്ളുമെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പീലിൽ തീരുമാനമായില്ലെങ്കിൽ നാട്ടുകാരെ മുൻനിർത്തി വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ജനങ്ങൾ സംഘടിച്ച് എതിർത്താൽ ഒരു ഉത്തരവും നടപ്പാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികൾ കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ കുടിയേറ്റക്കാരായ സാധാരണക്കാരെ സംരക്ഷിക്കണമെന്ന് നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും പ്രസിഡന്‍റ് സണ്ണി പൈമ്പിള്ളി പറഞ്ഞു.
പരാതിയുമായി ബിജെപി നേതാക്കള്‍:പൂപ്പാറ ടൗണിന് സമീപം പന്നിയാർ പുഴയുടെ തീരത്ത് പട്ടയം ഇല്ലാത്ത ഭൂമിയിൽ നിർമിച്ച 2 കെട്ടിടങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2022 ൽ ബിജെപി പ്രാദേശിക നേതൃത്വം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പൂപ്പാറയിൽ പുറമ്പോക്ക് ഭൂമിയിൽ മറ്റ് കെട്ടിടങ്ങളും വീടുകളും ഉണ്ടെന്ന് ഈ രണ്ട് സ്വകാര്യ വ്യക്തികൾ കോടതിയെ അറിയിച്ചു. തുടർന്ന് പുറമ്പോക്ക് ഭൂമിയിലെ നിർമ്മാണങ്ങളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ജില്ല കലക്‌ടറെ ചുമതലപ്പെടുത്തി.
റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പുറമ്പോക്ക് ഭൂമിയിൽ നിർമിച്ചിരിക്കുന്ന 56 കെട്ടിടങ്ങളെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് ഈ കയ്യേറ്റങ്ങൾ 6 ആഴ്‌ചക്കുള്ളിൽ ഒഴിപ്പിക്കാൻ കഴിഞ്ഞ 17ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ആവശ്യമെങ്കിൽ പൊലീസിന്‍റെ സഹായം ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.