ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ഭരണകൂടങ്ങള്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. പൗരന്മാരുടെ സ്വത്തുക്കൾ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അവരുടെ ശബ്‌ദം അടിച്ചമർത്താനാകില്ലെന്നും നിയമവാഴ്‌ചയ്ക്ക് കീഴിൽ ബുൾഡോസർ രാജ് അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ബുൾഡോസറുകൾ ഉപയോഗിച്ച് നീതി നടപ്പിലാക്കുക എന്നത് പരിഷ്‌കൃത നിയമവ്യവസ്ഥയ്ക്ക് എതിരാണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്, അനധികൃത കൈയേറ്റങ്ങളോ അനധികൃതമായി നിർമിച്ച കെട്ടിടങ്ങളോ നീക്കം ചെയ്യുന്നതിന് സംസ്ഥാനം നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിക്കണമെന്നും വ്യക്തമാക്കി.
നിയമവാഴ്‌ചയ്ക്ക് കീഴിൽ ബുൾഡോസർ നീതി അസ്വീകാര്യമാണ്. അത് അനുവദിച്ചാൽ ആർട്ടിക്കിൾ 300 എ പ്രകാരം സ്വത്തവകാശത്തിനുള്ള ഭരണഘടനാപരമായ അംഗീകാരം ഇല്ലാതാകുമെന്നും ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് എന്നിവര്‍ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 300 എ പറയുന്നത് നിയമത്തിന്‍റെ പരിധിയിലല്ലാതെ ഒരു വ്യക്തിയുടെയും സ്വത്ത് നഷ്‌ടപ്പെടുത്താൻ പാടില്ല എന്നാണെന്നും കോടതി വ്യക്തമാക്കി. 2019-ൽ ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ലയിൽ ഒരു വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സുപ്രീംകോടതി വിധി പ്രസ്‌താവിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബുൾഡോസറുകളിലൂടെയുള്ള നീതി പരിഷ്‌കൃത നിയമവ്യവസ്ഥയ്ക്ക് അജ്ഞാതമാണ്. പൗരന്മാരുടെ സ്വത്തുക്കള്‍ നശിപ്പികുകയെന്ന നിയമവിരുദ്ധമായ പെരുമാറ്റം ഭരണകൂടത്തിന്‍റെ ഏതെങ്കിലും വിഭാഗമോ ഉദ്യോഗസ്ഥനോ അനുവദിക്കുകയാണെങ്കിൽ അത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും കോടതി ചുണ്ടിക്കാട്ടി. സ്വത്തുക്കളും പുരയിടങ്ങളും നശിപ്പിക്കുമെന്ന ഭീഷണിയുമായി പൗരന്മാരുടെ ശബ്‌ദത്തെ അടിച്ചമർത്താൻ കഴിയില്ല. ഒരു മനുഷ്യനുള്ള ആത്യന്തിക സുരക്ഷ വീട്ടുവളപ്പാണെന്നും ചീഫ് ജസ്റ്റിസിന്‍റെ വിധിന്യായത്തിൽ പറഞ്ഞു.
അനധികൃത കൈയേറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിന് മതിയായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന മുനിസിപ്പൽ നിയമങ്ങളും നഗര ആസൂത്രണ നിയമനിർമ്മാണവും ഉണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബുള്‍ഡോസര്‍ രാജ് വ്യാപകമാണ്.
Read Also: ഫാസ്‌റ്റ് ട്രാക്ക് വിസ നിർത്തി കാനഡ; ഇന്ത്യന്‍ വിദ്യാർഥികൾക്ക് തിരിച്ചടിയാകും