കോഴിക്കോട്: ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്ത് നിർത്തിയിട്ട ഫിഷിങ് ബോട്ടിന് തീപിടിച്ചു. ബോട്ടിനകത്തുണ്ടയിരുന്ന രണ്ട് പേര്‍ക്ക് പൊളളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. ബോട്ട് പൂർണമായും കത്തിനശിച്ചു. പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം നടന്നത്.
മീഞ്ചന്ത, ബീച്ച്, നരിക്കുനി, മുക്കം എന്നിവിടങ്ങളില്‍ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. രണ്ടുദിവസം മുന്‍പാണ് ബോട്ട് ബേപ്പൂരിലെത്തിയത്. ഇന്ധനം നിറച്ച ബോട്ടായതിനാല്‍ വളരെ വേഗം തീപടര്‍ന്നു. തീപിടിത്തം ഉണ്ടായതിനു പിന്നാലെ തൊട്ടടുത്തുണ്ടായിരുന്ന ബോട്ടുകൾ മാറ്റിയത് വലിയ അപകടം ഒഴിവാക്കി.
70 ശതമാനത്തോളം പൊള്ളലേറ്റ ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തീ പടരുന്ന സമയത്ത് ബോട്ടില്‍ രണ്ട് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ സമീപത്തെ ബോട്ടിൽ ഉണ്ടായിരുന്നവരാണ് രക്ഷിച്ചത്. വിവരമറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയ മീഞ്ചന്ത ഫയർ യൂണിറ്റ് ഫ്ലോട്ടിങ് പമ്പ് ഉപയോഗിച്ച് തീ അണക്കാന്‍ ശ്രമിച്ചു. തീ അണക്കുന്നതിനിടയില്‍ മൂന്ന് തവണ ബോട്ടിനകത്ത് ശക്തമായ സ്ഫോടനമുണ്ടായി. അഗ്നിശമന സേനാംഗങ്ങൾ പെട്ടെന്ന് മാറിയതിനാൽ വലിയ അപകടം ഒഴിവായി.
അതേസമയം സ്‌ഫോടനം നടന്ന ഉടനെ ഫ്ലോട്ടിങ് പമ്പിൽ വെള്ളം കയറി പ്രവർത്തനരഹിതമായി. ഡീസൽ ടാങ്കുകൾക്ക് തീപിടിച്ചതോടെ വെള്ളം ഉപയോഗിച്ച് തീ അണക്കുകയെന്നത് ഫലപ്രദമായില്ല. തുടർന്ന് ഹോം ടെൻഡർ ഉപയോഗിക്കാനായി ജങ്കാറിൻ്റെ സഹായം തേടി.
കൂടാതെ വിവിധ അഗ്നിരക്ഷ നിലയങ്ങളിൽ നിന്ന് ഫ്ലോട്ടിങ് പമ്പുകൾ ഉപയോഗിച്ച് തീ അണക്കാനും ശ്രമിച്ചു. കൂടാതെ, ജങ്കാറുകളിൽ രണ്ട് ഫോം ടെൻഡർ യൂണിറ്റുകൾ സജ്ജീകരിച്ച് തീപിടിച്ച ബോട്ടിന് അരികിലെത്തിച്ച് ഫോം പമ്പ് ചെയ്‌തു. പുലർച്ചെ നാലുമണിയോടെയാണ് ബോട്ടിലെ തീ പൂർണമായും അണക്കാൻ സാധിച്ചത്. അപ്പോഴെക്കും ഏകദേശം ഇരുപത് ടിൻ ഫോം ഉപയോഗിക്കേണ്ടി വന്നു. തീപിടിത്തത്തിൻ്റെയും സ്ഫോടനത്തിന്‍റെയും കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അസിസ്റ്റന്‍റ് സ്‌റ്റേഷൻ ഓഫിസർമാരായ ഇ ഷിഹാബുദ്ദീൻ, അബ്‌ദുൽ ഫൈസി,
സീനിയ ഫയർ റെസ്ക്യൂ ഓഫിസർ പി സി മനോജ് എന്നിവരുടെ നേതൃത്വത്തിൽ മീഞ്ചന്ത, മുക്കം, നരിക്കുനി എന്നീ അഗ്നിരക്ഷ നിലയങ്ങളിലെ ജീവനക്കാരും, കോസ്റ്റ് ഗാർഡ്, പൊലീസ് ജങ്കാറിലെ ജീവനക്കാർ മത്സ്യത്തൊഴിലാളികൾ എന്നിവരും തീ അണക്കുന്നതിന് പിന്തുണയുമായി എത്തി.