എറണാകുളം: കൊച്ചിയിൽ നിന്നും മൂന്നാറിലേക്ക് പറക്കാൻ ഇനി വെറും 30 മിനിറ്റ്. വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പിന് വഴിയൊരുക്കാൻ സീപ്ലെയിൻ വരുന്നു. പരീക്ഷണപ്പറക്കലിന്‍റെ ഭാഗമായി തിങ്കളാഴ്‌ച രാവിലെ കൊച്ചി കായലിൽ നിന്ന് പറന്നുയർന്ന് മാട്ടുപ്പെട്ടി ജലാശയത്തിൽ പറന്നിറങ്ങും.
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീപ്ലെയ്‌നുകൾ. യാത്രക്കാർക്ക് കാഴ്‌ചകൾ നന്നായി കാണാൻ കഴിയുന്ന തരത്തില്‍ സീപ്ലെയ്‌നുകളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചിയിൽ നിന്നും മൂന്നാറിലേക്കുള യാത്രയിൽ മൂന്നാറിന്‍റെയും പശ്ചിമഘട്ടത്തിന്‍റെയും കാഴ്‌ചകൾ യാത്രകാർക്ക് ആസ്വദിക്കാൻ കഴിയും.
കൊച്ചി കായലിലെ ബോൾഗാട്ടി മറീനയിൽ നിന്നാണ് സീപ്ലെയിൻ പരീക്ഷണ പറക്കൽ ആരംഭിക്കുക. കെഎസ്ഇബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മാട്ടുപ്പെട്ടി ജലാശയത്തിൽ സീപ്ലെയിൻ ലാന്‍റ് ചെയ്യും. കൊച്ചിയിൽ നിന്നും റോഡ് മാർഗം മൂന്നാറിലെത്താൻ നാല് മണിക്കൂർ സമയമെടുക്കും. എന്നാൽ ടൂറിസ്റ്റ് സീസൺ സമയങ്ങളിൽ ഗതാഗത കുരുക്കിനെ തുടർന്ന് അഞ്ചു മണിക്കൂറും അതിലേറെയും സമയമെടുക്കാറുണ്ട്.
സീപ്ലെയിൻ കൊച്ചിയിൽ നിന്ന് മൂന്നാറിലേക്കുള യാത്ര സമയം വെറും 30 മിനിറ്റായി കുറയ്ക്കും. തടസങ്ങളില്ലാത്ത ആകാശ യാത്ര വേറിട്ടൊരു കാഴ്‌ചാനുഭവം കൂടിയാണ് സമ്മാനിക്കുക. സീപ്ലെയി൯ പദ്ധതി കേരളത്തിലെ വിനോദ സഞ്ചാരമേഖലയിൽ വിപ്ലവം സൃഷ്‌ടിക്കുമെന്നും ഏവിയേഷ൯ സെക്രട്ടറി ബിജു പ്രഭാക൪ ഇടിവി ഭാരതിനോട് പറഞ്ഞു.
മൂല്യമുള്ള വിനോദ സഞ്ചാര സാധ്യതകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. ടൂറിസത്തിനു പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും വിഐപികൾക്കും ഉദ്യോഗസ്ഥ൪ക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീപ്ലെയിൻ പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റ൪മാരെയും ജനങ്ങളെയും പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന സ൪വീസ് മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എട്ടോളം ജലാശയങ്ങളെ ബന്ധിപ്പിച്ച് സീപ്ലെയിൻ സർവീസ് നടത്തും
കേന്ദ്രസർക്കാറിന്‍റെ ആര്‍ സി എസ് ഉഡാൻ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് പദ്ധതി ആരംഭിക്കുന്നത്. മൂന്ന് വർഷത്തേക്ക് കേരളത്തിലെ എട്ടോളം ജലാശയങ്ങളെ ബന്ധിപ്പിച്ച് സീപ്ലെയിൻ സർവീസ് നടത്താൻ കേന്ദ്ര സർക്കാർ സമ്മതം അറിയിച്ചിട്ടുണ്ട്. ആറോ എട്ടോ മാസത്തിനുള്ളിൽ സീപ്ലെയിൻ യാത്ര സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാലിദ്വീപിൽ 130 സീപ്ലെയിനുകൾ കടലിൽ നിന്നാണ് സർവീസ് നടത്തുന്നത്. കേരളത്തിലെ കായലുകളും ഡാമുകളും ബന്ധിപ്പിച്ചാണ് സർവീസ് നടത്തുക. സുരക്ഷ പ്രശ്‌നങ്ങളോ, പരിസ്ഥിതി പ്രശ്‌നങ്ങളോ ഇല്ലെന്നും ബിജു പ്രഭാകർ വിശദീകരിച്ചു. 35 കോടി മാത്രമാണ് ഇതിന് ചെലവ് വരുന്നത്. മൂന്ന് വർഷത്തിനുള്ളില്‍ കേവലം അയ്യായിരം രൂപയ്ക്ക് സീപ്ലെയിൻ യാത്ര സാധ്യമാവുമെന്നും ബിജു പ്രഭാകർ വ്യക്തമാക്കി.
സീപ്ലെയിൻ പദ്ധതിക്ക് പരിഗണിക്കുന്ന സ്ഥലങ്ങൾ: കൊച്ചി കായൽ, ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട് കായൽ, കൊല്ലം അഷ്‌ടമുടിക്കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്തെ കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്.
സീപ്ലെയിനും സുരക്ഷയും: കരയിലും വെള്ളത്തിലും ലാന്‍റ് ചെയ്യാൻ കഴിയുന്ന ഈ ചെറുവിമാനങ്ങൾക്ക് ഇരട്ട എഞ്ചിനുകളാണ് ഉള്ളത്. ഏത് അടിയന്തര സാഹചര്യത്തിലും ജലാശയം, ചെറിയൊരു മൈതാനം, ഹൈവേകള്‍ ഏതെങ്കിലും ഒന്നില്‍ ലാന്‍റ് ചെയ്യാൻ ഇതിന് സാധിക്കും. ലോകത്ത് തന്നെ സീപ്ലെയിൻ അപകടങ്ങൾ റിപ്പോർട്ട് ചെയ്‌തത് വളരെ കുറവാണ്.
കേന്ദ്ര സർക്കാറിന്‍റെ റീജിയണൽ കണക്‌ടിവിറ്റി സ്‌കീമിന്‍റെ ഭാഗമായാണ് സീപ്ലെയിൻ കേരളത്തിലെത്തുന്നത്. ആന്ധ്രാപ്രദേശിലെ പ്രകാശം ബാരേജിൽ ശനിയാഴ്‌ച (നവംബ൪ 9) ഉദ്ഘാടനം ചെയ്‌ത ആംഫീബിയസ് എയ൪ക്രാഫ്റ്റാണ് കൊച്ചിയിലെത്തുന്നത്. ഒമ്പത് പേരെ വഹിക്കാവുന്ന മാലദ്വീപില്‍ ഉപയോഗിക്കുന്നതിനു സമാനമായ വിമാനമാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആന്ധ്രാപ്രദേശിൽ നിന്ന് മൈസൂരിലെത്തിയ ശേഷം ഞായറാഴ്‌ച 12:55ന് സിയാലിൽ എത്തുന്ന എയ൪ക്രാഫ്റ്റ് ഇന്ധനം നിറച്ച ശേഷം 2:30 ന് കൊച്ചി ബോൾഗാട്ടി മറീനയിൽ ലാന്‍റ് ചെയ്യും. തുട൪ന്ന് മറീനയിൽ സീപ്ലെയി൯ പാ൪ക്ക് ചെയ്യും. വിമാനത്തിന്‍റെ പൈലറ്റുമാർക്ക് ബോൾഗാട്ടി പാലസിൽ സ്വീകരണം നൽകും.