വയനാട്:ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടർമാരോട് നന്ദി പറഞ്ഞ് പ്രിയങ്കാ ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിലെ പ്രചാരണ സമയത്ത് എനിക്ക് നൽകിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദിയുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
എന്‍റെ സഹോദരൻ രാഹുൽ ഗാന്ധി വളരെ മികച്ച ഒരു നേതാവായാണ് വയനാടിന് വേണ്ടി പ്രവർത്തിച്ചത്. വയനാട്ടിലെ ജനങ്ങൾ അദ്ദേഹത്തെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. ആ വിശ്വാസമാണ് ജനങ്ങൾ എന്നിലും അർപ്പിച്ചിരിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ജനങ്ങൾ എന്നെയും വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മാത്രമല്ല അടുത്ത രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ താനും രാഹുൽ ഗാന്ധിയും വയനാട്ടിലെത്തുമെന്നും പ്രിയങ്ക വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പിലെ തന്‍റെ വിജയം ജനങ്ങളുടേത് കൂടിയാണെന്ന് പ്രിയങ്കാ ഗാന്ധി എക്‌സിൽ കുറിച്ചു. വയനാട്ടിലെ എന്‍റെ പ്രിയ സഹോദരീ സഹോദരന്മാരേ എന്ന് തുടങ്ങുന്ന കുറിപ്പില്‍ തന്‍റെ വിജയം വയനാട്ടിലെ ജനങ്ങളോരോരുത്തരുടേയും കൂടി വിജയമാണെന്ന് പ്രിയങ്ക പറയുന്നു.
വയനാടിന് നന്ദി പറഞ്ഞ് പ്രിയങ്ക (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നിങ്ങള്‍ ഓരോരുത്തരും എന്നിൽ അര്‍പ്പിച്ച വിശ്വാസത്തിൽ അതിയായ സന്തോഷമുണ്ട്. വരും നാളുകളിൽ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്ന് ഞാൻ തെളിയിക്കും. നിങ്ങളുടെ പോരാട്ടങ്ങളും സ്വപ്‌നങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും. പാര്‍ലമെന്‍റിൽ വയനാടിന്‍റെ ശബ്‌ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പിൽ പറഞ്ഞു. തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ടെന്നും പ്രിയങ്കാ ഗാന്ധി കുറിച്ചു.
തന്നോടൊപ്പം ഭക്ഷണവും വിശ്രമവുമില്ലാതെ 12 മണിക്കൂറിലധികം പ്രചാരണത്തിൽ പങ്കാളികളായ യുഡിഎഫ് പ്രവര്‍ത്തകരോട് ഒരുപാട് നന്ദി. ധൈര്യവും സ്നേഹവും നൽകി കൂടെ നിന്ന അമ്മയ്ക്കും റോബര്‍ട്ടിനും മക്കള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാവരെക്കാളും ഉപരി പോരാളിയായി സഹോദരൻ രാഹുലും കൂടെ നിന്നു. എല്ലായിപ്പോഴും രാഹുലിന്‍റെ പിന്തുണ തനിക്ക് കരുത്തുപകര്‍ന്നുവെന്നും പ്രിയങ്കാ ഗാന്ധി കുറിച്ചു. അതേസമയം പ്രിയങ്കാ ഗാന്ധിയുടെ വിജയത്തിൽ കല്‍പ്പറ്റയിൽ ആഹ്ലാദ പ്രകടനവും നടന്നിരുന്നു.
Also Read:അച്ഛനു വേണ്ടി വോട്ടു ചോദിച്ച് രാഷ്‌ട്രീയത്തിലിറങ്ങിയ കൗമാരക്കാരി; ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകള്‍ ഇന്ദ്രപ്രസ്ഥത്തിന്‍റെ പടികയറുമ്പോള്‍